വര്‍ഗീസ് കുര്യന്റെ ജന്‍മശതാബ്ദി; മണ്ണൂത്തിയിൽ ഒരു വര്‍ഷം നീളുന്ന ആഘോഷം

ഇന്ത്യയുടെ പാല്‍ക്കാരന്‍ വര്‍ഗീസ് കുര്യന്റെ ജന്‍മശതാബ്ദി ആഘോഷവുമായി മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാല. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് വെറ്ററിനറി സര്‍വകലാശാല ഒരുക്കുന്നത്. 

2012 സെപ്തംബര്‍ ഒന്‍പതിനായിരുന്നു വര്‍ഗീസ് കുര്യന്‍ വിടപറഞ്ഞത്. ഇന്ത്യന്‍ ക്ഷീര വികസന ബോര്‍ഡിന്റെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു. ഗുജറാത്ത് സഹകരണ ക്ഷീരവിപണന സംഘത്തിന്റെ ചെയര്‍മാനായി മൂന്നരപതിറ്റാണ്ട് പ്രവര്‍ത്തിച്ചു. അമൂലിന്റെ സ്ഥാപകന്‍. ക്ഷീര കര്‍ഷകര്‍ക്കായി അദ്ദേഹം സ്ഥാപിച്ചത് മുപ്പതിലേറെ സ്ഥാപനങ്ങള്‍. പാല്‍വില നിയന്ത്രിക്കുന്നത് ഉള്‍പ്പെടെ ക്ഷീര കര്‍ഷകരുടെ ജീവിതം സുരക്ഷിതമാക്കാന്‍ മുന്‍കയ്യെടുത്ത വ്യക്തി. ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലോകത്തെ തന്നെ മികച്ച സഹകരണ സംരംഭമാക്കി മാറ്റിയതും അദ്ദേഹംതന്നെ. ഈ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്ന വിശേഷണം സ്വന്തമായത്. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ ഡയറി ആന്‍റ് ഫുട് ടെക്നോളജി സ്ഥാപനത്തിന് വര്‍ഗീസ് കുര്യന്‍റെ പേര് ചാര്‍ത്തിയാണ് ആദരിച്ചത്. നൂറാം ജന്‍മദിന ആഘോഷം ഒരു വര്‍ഷം നീണ്ട പരിപാടികളോടെ നടത്തും.

പത്മവിഭൂഷണ്‍ ഉള്‍പ്പെടെ രാജ്യത്തെ വലിയ ബഹുമതികളെല്ലാം അദ്ദേഹത്തെ തേടിവന്നു. കാര്‍ഷിക മേഖലയിലെ മറ്റു വിളകള്‍ നേരിടുന്ന പ്രതിസന്ധി ഇപ്പോഴും തുടരുമ്പോള്‍ ക്ഷീരകര്‍ഷകര്‍ അതിനെയെല്ലാം അതിജീവിച്ചത് വര്‍ഗീസ് കുര്യന്‍റെ കൂടി കാഴ്ചപ്പാടിന്റെ ഫലമായിരുന്നു. ഈ സംഭാവനകള്‍ പരിഗണിച്ചാണ് വിപുലമായ ജന്‍മദിന പരിപാടികള്‍ സംഘടിപ്പിക്കുന്നത്.