'ചിൻ അപ്പ്, ചിൻ ഡൗൺ'; തിരഞ്ഞെടുപ്പ് തിരക്കിൽ സ്റ്റുഡിയോകൾ

തിരഞ്ഞെടുപ്പെത്തിയതോടെ പതിവുപോലെ ഇടുക്കി ജില്ലയിലെ സ്റ്റുഡിയോകളിലും സ്ഥാനാര്‍ഥികളുടെ തിരക്കാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയില്‍ മുന്‍കൂട്ടി ചിത്രമെടുത്ത് കാത്തിരിക്കുന്നവരും കുറവല്ല. കോവിഡ് പ്രതിസന്ധിയിലായിരുന്ന സ്റ്റുഡിയോകള്‍ക്ക് ഒരാശ്വാസം കൂടിയാണ് തിരഞ്ഞെടുപ്പ് സീസണ്‍.

ഇടുക്കിയുടെ പശ്ചാത്തലത്തിലിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം മഹേഷിന്റെ പ്രതികാരത്തിലെ സ്റ്റുഡിയോ സീനുകളെ ഒാര്‍മിപ്പിക്കുന്നതാണ് സ്ഥാനാര്‍ഥികളുടെ പടമെടുപ്പ് കാഴ്ച്ചകളും. സ്ഥാനാര്‍ഥികളുടെ മെയ്ക്കപ്പും, ഫേഷ്യലുമൊക്കെ ഈ പടംപിടുത്തത്തന് മുന്‍പ് പിന്നണിയില്‍ സജീവമായി നടക്കുന്നുണ്ട്. കുറേക്കാലം കൂടി സ്റ്റുഡിയോയില്‍ തിരക്കായതിന്റെ സന്തോഷത്തിലാണ് ഫോട്ടോഗ്രാഫര്‍മാര്‍.

സ്ഥാനാര്‍ഥികളാരായാലും നിന്നും, ഇരുന്നും, കൈക്കൂപ്പിയുമൊക്കെയുള്ള  നല്ല കളറ് പടങ്ങള്‍ തിരഞ്ഞെടുപ്പിന് മസ്റ്റാണ്. അതിനി ജനങ്ങളുടെ മനസില്‍കൂടിയൊന്ന്  പതിഞ്ഞിട്ട് വേണം വോട്ടങ്കത്തില്‍ ജയിച്ചു കയറാന്‍.