തിരഞ്ഞെടുപ്പിന് ഒരുങ്ങി ഇടമലക്കുടി; ഭരണസമിതിയെ നയിക്കുക വനിത

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടി മൂന്നാമത്തെ തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. പുതുതായി അധികാരത്തിലെത്തുന്ന ഭരണസമതിയെ ഇത്തവണ നയിക്കുന്നത് വനിതയാകും. ഇടമലക്കുടിയുടെ ആദ്യ പ്രസിഡന്റും വനിതയായിരുന്നു.

പതിമൂന്ന് വാര്‍ഡുകളുള്ള ഇടമലക്കുടി പഞ്ചായത്തില്‍ ഇത്തവണ ഏഴ് വാര്‍ഡുകളും വനിതാ സംവരണമാണ്. ഇത്തവണ പ്രസിഡന്റും വനിതയാണ്. പഞ്ചായത്ത് രൂപീകൃതമായി ആദ്യ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത് യുഡിഎഫാണ്. സ്വസൈറ്റിക്കുടിയില്‍ നിന്ന് വിജയിച്ച കന്നിയമ്മ ശ്രീരംഗനായിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. കഴിഞ്ഞ തവണയാണ് കടത്ത പോരാട്ടം നടന്നത്. എല്‍ ഡി എഫ് 5, യു ഡി എഫ് 5, ബി ജെ പി 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇടത് വലത് മുന്നിണികള്‍ സമാസമം എത്തിയതോടെ പ്രസിഡന്റിനായി വോട്ടെടുപ്പ് നടത്തി. യു ഡി എഫിലെ ഒരാള്‍ വോട്ട് മാറി ചെയ്തതിനാല്‍ ഭരണം ഇടത്പക്ഷത്തിന് ലഭിക്കുകയായിരുന്നു. ഇത്തവണയും തെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ പ്രധാന ചര്‍ച്ച ഇടമലക്കുടിയുടെ വികസനം തന്നെയാണ്. ഗതാഗതയോഗ്യമായ റോഡെന്ന ആവശ്യമാണ് കുടിനിവാസികള്‍ മുമ്പോട്ട് വയ്ക്കുന്നത്.

 ഭരണം തിരിച്ച് പിടിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ യു ഡി എഫും. ഭരണം നിലനിര്‍ത്താന്‍ എല്‍ ഡി എഫും, കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാന്‍ ബി ജെ പിയും  പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.