കുട്ടനാട്ടില്‍ നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം; പ്രയാസങ്ങള്‍ കണ്ട് ഉമ്മന്‍ചാണ്ടി

കുട്ടനാട്ടില്‍ നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം തുടരുന്നു. സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടും സംഭരണത്തിന് സഹകരണ സംഘങ്ങള്‍ മുന്നോട്ടുവരാത്തതാണ് പ്രധാനകാരണം. സപ്ലൈകോ വഴിയുള്ള സംഭരണം അട്ടിമറിച്ച സര്‍ക്കാര്‍, കര്‍ഷകരോട് മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. 

കര്‍ഷകര്‍ അവരുടെ പ്രയാസങ്ങള്‍ ഉമ്മന്‍ചാണ്ടിയോട് വിശദീകരിച്ചു. മുന്‍വര്‍ഷങ്ങളിലേത് പോലെ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണമാണ് നല്ലതെന്നും ഇപ്പോഴത്തെ സാഹചര്യം വലിയ പ്രയാസമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും സങ്കടം പറഞ്ഞു. നെടുമുടി കൃഷിഭവന് കീഴിലെ പൂതിയോട്ട് വരമ്പിനകം പാടവും  ചെമ്പുംപുറം പുളിക്കല്‍കാവ് പാടശേഖരവും ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. നെല്ല് സംഭരണത്തിലുണ്ടായിരിക്കുന്ന ഈ അനിശ്ചിതത്വം സര്‍ക്കാരിന്റെ സൃഷ്ടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സപ്ലൈകോ വഴി സ്വകാര്യമില്ലുകള്‍ നടത്തിവന്ന സംഭരണം സര്‍ക്കാരുമായുള്ള തര്‍ക്കത്തെതുടര്‍ന്നാണ് ഇത്തവണ അവതാളത്തിലായത്. ഈ സാഹചര്യത്തിലാണ് കര്‍ഷകരും പ്രതിപക്ഷ സംഘടനകളും പ്രതിഷേധം ശക്തമാക്കുന്നത്. ഉമ്മന്‍ചാണ്ടിക്കൊപ്പം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ലാല്‍വര്‍ഗീസ് കല്‍പകവാടിയും എം.ലിജു ഉള്‍പ്പടെയുള്ള നേതാക്കളും ഉണ്ടായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇന്ന് കുട്ടനാട്ടിലെത്തും.

MORE IN KERALA