രക്ത ബാങ്കിൽ മൂർഖന്റെ കുട്ടി; പേവാർഡില്‍ അണലി; ആശുപത്രിയോ അതോ പാമ്പുവളര്‍ത്ത് കേന്ദ്രമോ?

makkarkad-taluk-hospital-snake
SHARE

പാമ്പ് ഉള്‍പ്പെടെയുള്ള ഇഴ‍ജന്തുക്കളെക്കൊണ്ട് പൊറുതിമുട്ടി പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി. ഒരാഴ്ചയ്ക്കിടെ എട്ട് പാമ്പുകളെയാണ് ആശുപത്രിക്കുള്ളിലും പരിസരത്ത് നിന്നും പിടികൂടിയത്. പാമ്പ് ഭീതി ഒഴിവാക്കണമെന്ന് രോഗികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടു.  പേവാർഡിന്റെ പുറത്ത് വിശ്രമിക്കുകയായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരന്റെ കാലില്‍ അണലി കയറിയത് കഴിഞ്ഞദിവസം. ഭാഗ്യം കൊണ്ട് കടിയേൽക്കാതെ രക്ഷപ്പെട്ടു.

പേവാർഡിന്റെ ശുചിമുറിയിൽ വെള്ളിക്കെട്ടൻ പാമ്പിനെ കണ്ടതായും ജീവനക്കാർ. രണ്ടുദിവസം മുൻപ് രക്ത ബാങ്കിൽ നിന്നും ഒരു മൂർഖന്റെ കുട്ടിയെയും കണ്ടു. ജീവൻ പണയം വെച്ചാണ് ചികിത്സക്ക് എത്തുന്നതെന്ന് രോഗികളും ബന്ധുക്കളും. 

'മുറിയോട് ചേര്‍ന്ന് കിടക്കുന്ന സമയത്താണ് പെട്ടെന്ന് കാലില്‍ എന്തോ ഇഴയുന്നത് പോലെ തോന്നിയത്. പെട്ടെന്ന് പാമ്പാണെന്ന് മനസിലായി. അണലിയാണെന്ന് ഉറപ്പിച്ചു. പിന്നാലെയാണ് സുരക്ഷാ ജീവനക്കാരെ അറിയിച്ചത്' രോഗിയുടെ ബന്ധുവായ സിദ്ദിഖ് പൂവത്തുംപറമ്പില്‍ പറയുന്നു. 

പേ വാർഡിന് പിന്നിലായി കൂട്ടിയിട്ട മാലിന്യം പാമ്പുകൾക്ക് സുരക്ഷിത ഇടമാണ്. മതിൽക്കെട്ടില്‍ ധാരാളം പൊത്തുകളുണ്ട്. ഒരു പൊത്തില്‍ നിന്നും എട്ട് അണലിക്കുഞ്ഞുങ്ങളെ വനംവകുപ്പ് പിടികൂടുകയും ചെയ്തിരുന്നു. താലൂക്കാശുപത്രിയിലെ ജീവനക്കാരും, രോഗികളും പേടിയോടെയാണ് കഴിയുന്നത്. കിടത്തി ചികില്‍സിക്കാൻ സൗകര്യമുള്ള മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയിൽ അട്ടപ്പാടിയിൽ നിന്നുള്ള ആദിവാസികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ആശുപത്രിയും പരിസരവും വൃത്തിയാക്കി സംരക്ഷണഭിത്തിയിലെ പൊത്തുകളെല്ലാം അടച്ചാല്‍ പാമ്പ് ഭീതിയില്‍ നിന്നും രക്ഷ നേടാമെന്നാണ് വനംവകുപ്പിന്റെയും മുന്നറിയിപ്പ്. അടിയന്തര പ്രാധാന്യത്തോടെ പാമ്പ് ഭീതി ഒഴിവാക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 

MORE IN KERALA
SHOW MORE