ആലപ്പുഴയില്‍ ധീവര -ലത്തീൻ വോട്ടുകള്‍ ആര്‍ക്ക് കിട്ടി? തീരദേശത്ത് വോട്ടുകള്‍ ബിജെപിക്ക് മറിഞ്ഞോ? ചര്‍ച്ച

alappuzha
SHARE

ആലപ്പുഴയിൽ വോട്ടെടുപ്പിന് ശേഷമാണ് രാഷ്ട്രീയ പോരാട്ടത്തിന് ചൂടുപിടിക്കുന്നത്. സ്ഥാനാർത്ഥി നിർണയം മുതൽ പ്രചാരണത്തിലെ ഉയർച്ചതാഴ്ചകളും പെട്ടിയിൽ വീണതും വീഴാത്തതുമായവോട്ടുകളുടെ എണ്ണവുമൊക്കെ ഇതിനു കാരണമാകും . പോളിങ്ങ് അഞ്ച് ശതമാനത്തോളം കുറഞ്ഞെങ്കിലും ഫലം തങ്ങൾക്കനുകൂലമാണെന്ന പ്രതീക്ഷയാണ് മുന്നണികൾക്ക്. ആലപ്പുഴയിൽ ചില മേഖലകളിൽ നിർണായക സ്വാധീനമുള്ള ധീവരസഭയുടെയും ലത്തീൻ കത്തോലിക്കരുടെയും വോട്ടുകൾ ആർക്ക് കിട്ടും എന്നതും വിജയത്തിന് അടിസ്ഥാനമാകുന്ന ഘടകങ്ങളാണ് 

ആലപ്പുഴയിൽ യഥാർത്ഥത്തിൽ രാഷ്ട്രീയ പോരാട്ടം തുടങ്ങാനിരിക്കുന്നേ ഉള്ളു. പോളിങ് ശതമാനവും ബൂത്തുതല വിലയിരുത്തലും അവലോകനങ്ങളും നോക്കിയുള്ള കണക്കുകൂട്ടലിലാണ് മുന്നണി നേതൃത്വങ്ങൾ. പെട്ടിയിൽ വീണ വോട്ടിനെക്കാൾ തങ്ങൾക്ക് ലഭിക്കേണ്ട വോട്ടുകൾ എവിടേക്ക് ചോർന്നു എന്ന അന്വേഷണമാണ് ആലപ്പുഴയിലെ സിപിഎം, കോൺഗ്രസ് ,ബിജെപിഎന്നിവയിലെ ഉൾപാർട്ടി രാഷ്ട്രീയത്തെ ചൂടാക്കുക. പൂർണ തീരദേശ മണ്ഡലമായ ആലപ്പുഴയിൽ ധീവര -ലത്തീൻ സമുദായങ്ങൾക്കുള്ള  സ്വാധീനം നിർണായകമാണ് . 

ലത്തീൻ സമുദായത്തിൻ്റെ പിന്തുണ മുൻകാലങ്ങളെക്കാൾക്കൂടുതലായി ഇത്തവണ യുഡിഎഫിന് ലഭിച്ചു എന്നത് യാഥാർഥ്യമാണ്. ഈ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് പരസ്യമാക്കാതെ നിശബ്ദമായിരുന്നു ധീവരസഭ . ധീവര വോട്ട്  ബിജെപിക്ക് അനുകൂലമാക്കാൻ ബാഹ്യശക്തി ഇടപെടൽ ഉണ്ടായി എന്ന ആരോപണം  എല്‍ഡിഎഫ് ഉന്നയിക്കുന്നു. ധീവര സമുദായത്തിൻറെ വോട്ട് തങ്ങൾക്കു ലഭിക്കുന്നതാണെന്ന് ഉറപ്പിച്ചു പറയുന്നു യുഡിഎഫ്. തീരദേശത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനായി എന്ന് ബിജെപി പറയുമ്പോള്‍ ധീവര -ലത്തീൻ വോട്ടുകളെക്കുറിച്ചുള്ള സൂചനകൾ വ്യക്തം. 

തീരദേശത്തും ന്യൂനപക്ഷ മേഖലകളിലും ഉണ്ടായ കനത്ത പോളിങ്ങ് ഒരു തരംഗത്തിൻ്റെ ലക്ഷണമാണെങ്കില്‍ അത് ആരെ തുണയ്ക്കുമെന്നും കണ്ടറിയണം.യുഡിഎഫിനും  എല്‍ഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് പോളിങ്ങ് ശതമാനം കൂടുതൽ. രാഷ്ട്രീയ വോട്ടുകളെല്ലാം പോൾ ചെയ്യപ്പെട്ടു എന്നതിൻ്റെ സൂചനയാണത്. ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കേണ്ട രാഷ്ട്രീയ വോട്ട് കണക്കുകൂട്ടിയതിലും കുറഞ്ഞാണ് ലഭിക്കുന്നതെങ്കിൽ അതാകും പാർട്ടികൾക്കുള്ളിൽ പുതിയ പോര്‍മുഖം തുറക്കുക.

MORE IN KERALA
SHOW MORE