ബോട്ട് നിറയെ മീൻ; 300 രൂപയ്ക്ക് 35 കിലോ; ആർക്കും വേണ്ട; കോഴിത്തീറ്റയാക്കി

ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം ബോട്ടുകൾക്ക് വല നിറയെ മീൻ പക്ഷേ, കൂലിക്കാശ് പോലും ഒത്തില്ല. അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിൽ പൊന്നാനി ഹാർബറിലെ ലേല ഹാൾ നിറയെ മണൽ കുന്നുകൂട്ടിയിട്ടതുപോലെ മീൻ കൂമ്പാരമായിരുന്നു. തീരമണഞ്ഞ ബോട്ടുകാർക്കെല്ലാം കിട്ടിയത് പാര മീൻ (കണ്ടൻ പാര) മാത്രം. രാവിലെ മുതൽ കരയ്ക്കടുത്ത ഓരോ ബോട്ടുകളിൽനിന്നും പാര മീൻ ഹാർബറിൽ നിറഞ്ഞുകൊണ്ടേയിരുന്നു. 

ചില്ലറ വിൽപനക്കാർ പോലും മത്സ്യം വാങ്ങാൻ തയാറായില്ല. ഒടുവിൽ മത്സ്യം വളവും കോഴിത്തീറ്റയുമൊക്കെയാക്കുന്ന ഇതര സംസ്ഥാന കമ്പനികൾക്ക് വിറ്റു. അതും 35 കിലോഗ്രാം തൂക്കം വരുന്ന ഓരോ കൊട്ട മത്സ്യവും വെറും 300 രൂപയ്ക്ക്. പേരിന് ചാകരയുണ്ടായെങ്കിലും ഇന്ധനച്ചെലവുപോലും ലഭിക്കാത്ത ചാകരക്കോളായെന്ന് മാത്രം. മത്സ്യക്ഷാമത്തെ തുടർന്ന് ഒരു മാസത്തോളമായി ബോട്ടുകൾ കരയിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതീക്ഷയോടെ വീണ്ടും മീൻപിടിത്തത്തിനിറങ്ങിയത്. 

കടലിൽ വലയിറക്കിയപ്പോൾതന്നെ ചാകരക്കോള് കിട്ടിയെങ്കിലും വിലയില്ലാത്ത മീനുമായി കരിയിലേക്കു തിരിക്കേണ്ടി വരികയായിരുന്നു. പൊന്നാനിയിൽനിന്നു മീൻപിടിത്തത്തിനിറങ്ങിയ മുഴുവൻ ബോട്ടുകാർക്കും പാര മീൻ തന്നെയാണ് ലഭിച്ചത്. ഓരോ തവണ മീൻപിടിത്തത്തിനിറങ്ങുമ്പോഴും വലിയ ബോട്ടുകാർക്ക് അര ലക്ഷം രൂപയോളം ചെലവു വരും. 

ചെറിയ ബോട്ടുകൾക്കാണെങ്കിൽ 20,000 രൂപയും ചെലവു വരും. ഇതുപോലും മിക്ക ബോട്ടുകാർക്കും കിട്ടിയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പരമ്പരാഗത വള്ളങ്ങൾക്ക് അൽപം ആശ്വസിക്കാനുള്ള വക കിട്ടുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ അയലയും മത്തിയുമൊക്കെ വള്ളക്കാർക്ക് കാര്യമായി കിട്ടിയിരുന്നു. ബോട്ടുകാരുടെ കാര്യമാണ് കഷ്ടം.