‘നീതു മോളെ കാണാൻ ചേച്ചിയും വരും’; അനിലിനൊപ്പം രമ്യയും റോഡിൽ കാത്തിരിക്കും; കുറിപ്പ്

നാളെ അനിൽ അക്കര കാത്തിരിക്കുന്ന നീതു ജോൺസൺ, മങ്കരയെ കാണാൻ രമ്യാ ഹരിദാസ് എംപിയും എത്തും. ‘നീതു മോളെ കാണാൻ ഈ ചേച്ചിയും വരും. നാളെ രാവിലെ അനിൽ അക്കര എം.എൽ.എയും കൗൺസിലർ സൈറാബാനു ടീച്ചറും..കാത്തിരിക്കുന്ന വടക്കാഞ്ചേരി മങ്കരയിൽ. ഞാനും ഉണ്ടാകും.’ രമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. 

നീതു ജോൺസൺ, മങ്കരയെ കാണാന്‍ നാളെ രാവിലെ 9 മണി മുതൽ 11 മണിവരെയാണ് അനിൽ അക്കര എംഎൽഎ കാത്തുനിൽക്കുന്നത്.വീടില്ലെന്നും ലൈഫിൽ കിട്ടേണ്ട വീട് രാഷ്ട്രീയം കളിച്ച് ഇല്ലാതാക്കരുതെന്നും കത്തെഴുതിയ ആ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പരാതിക്കാരിയെ കാത്ത് അനിൽ അക്കര നടുറോഡിലെത്തുന്നത്. 

‘നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും കൗൺസിലർ സൈറബാനുടീച്ചറും എങ്കേക്കാട് മങ്കര റോഡിൽ നാളെ രാവിലെ 9മണി മുതൽ 11വരെ ഞാൻ നീതുവിനെ കാത്തിരിക്കുന്നതാണ്.നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ എന്നെ സമീപിക്കാം.’ അനിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒരുപാട് തിരഞ്ഞിട്ടും ഈ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് എംഎൽഎയുടെ പുതിയ നീക്കം. പരാതിയിൽ പറഞ്ഞതുപോലെ ലൈഫിൽ വീട് കാത്തിരിക്കുന്ന നീതു ഇതുവരെ എംഎൽഎയുടെ അടുത്ത് നേരിട്ടെത്തിയില്ല എന്നതും കത്തിനെ സംശയത്തിലാക്കിയിരുന്നു. തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മ സാറിനാണ് വോട്ടുചെയ്തതെന്നും ഞങ്ങൾക്ക് അടച്ചുറപ്പുള്ള വീടിലെന്നും കത്തിൽ പറഞ്ഞിരുന്നു. ഒടുവിൽ ലൈഫ് മിഷനിൽ വീടിനായി പേരുവന്ന സമയത്ത് രാഷ്ട്രീയം കളിച്ച് തകരർക്കരുത് എന്നായിരുന്നു നീതു ജോൺസൺ എന്ന പേരിൽ പ്രചരിച്ച കത്തിലെ ഉള്ളടക്കം. 

എന്നാൽ ഇൗ പെൺകുട്ടിയെ കണ്ടെത്താൻ ഇതുവരെ സ്ഥലം എംഎൽഎയ്ക്കോ കൗൺസിലർക്കോ സാധിച്ചില്ല.