സീരിയൽ താരം അനുശ്രീക്ക് ആൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച് നടി

സീരിയൽ താരം അനുശ്രീയ്ക്ക് ആൺ കുഞ്ഞ് പിറന്നു. അനുശ്രീയും ഭർത്താവ് വിഷ്ണുവും സമൂഹമാധ്യമത്തിലൂടെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്. താരത്തിന്റെ വളക്കാപ്പ് ചിത്രങ്ങൾ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

‘എന്റെ മാതാവ്’ സീരിയലിന്റെ ക്യാമറാമാൻ വിഷ്ണു സന്തോഷുമായി 2021 ഏപ്രിൽ 1ന് ആയിരുന്നു അനുശ്രീയുടെ വിവാഹം. ‘അരയന്നങ്ങളുടെ വീട്’ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇവർ പ്രണയത്തിലായത്.

ഡൽഹിയിൽ ജനിച്ച അനുശ്രീ അഭിനയരംഗത്ത് സജീവമായതോടെയാണ് തിരുവനന്തപുരത്തേക്ക് താമസം മാറ്റിയത്. നാലാം വയസ്സിൽ ‘ഓമനത്തിങ്കൾ’ പക്ഷി എന്ന സീരിയലിൽ ബാല താരമായാണ് തുടക്കം. ജിത്തു മോൻ എന്ന ആൺകുട്ടിയായുള്ള ഈ പ്രകടനം നിരവധി അഭിനന്ദനങ്ങൾ നേടികൊടുത്തു. തുടർന്ന് വിവിധ സീരിയലുകളിൽ ബാലതാരമായ തിളങ്ങിയ അനുശ്രീ പിന്നീട് നായിക വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു.

മഞ്ഞിൽ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പൻ, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണൻ എന്നിവയാണു പ്രധാന സീരിയലുകൾ. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.