'കെ.ടി.എന്‍ കോട്ടൂര്‍-എഴുത്തും ജീവിതവും'; വായനക്കാരുടെ ഹൃദയം കീഴടക്കി ഇംഗ്ലീഷ് വിവര്‍ത്തനം

സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയ കെ.ടി. എന്‍. കോട്ടൂര്‍– എഴുത്തും ജീവിതവും എന്ന നോവലിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനവും വായനക്കാരുടെ ഹൃദയം കീഴടക്കുന്നു. ടി.പി. രാജീവന്‍ രചിച്ച നോവല്‍ മാധ്യമപ്രവര്‍ത്തകനായ പി.ജെ. മാത്യുവാണ് ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്തത്. രചനയ്ക്ക് ഭാഷയ്ക്കതീതമായ സ്വീകാര്യത ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് ടി.പി. രാജീവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ചെങ്ങോട്ടുമലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്‍റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും എന്ന നോവല്‍. മാജിക്കല്‍ ഹിസ്റ്ററി എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലിന്‍റെ അടിസ്ഥാനത്തിലാണ് സംവിധായകന്‍ രഞ്ജിത് ഞാന്‍ എന്ന സിനിമ അണിയിച്ചൊരുക്കിയത്. ഇന്ത്യയുടെ, കേരളത്തിന്‍റെ, വടക്കന്‍ മലബാറിന്‍റെ സ്വാതന്ത്യ സമരചരിത്രം വരച്ചുകാട്ടുന്നു നോവലിലൂടെ.  ദ് മാന്‍ ഹു ലേണ്‍ ടു ഫ്ലൈ, ബട്ട് കുഡ് നോട് ലാന്‍ഡ് . ഇതാണ് വിവര്‍ത്തനത്തിന്‍റെ പേര്. 

ഉത്തരമലബാര്‍ എന്നു കേട്ടുപരിചയം പോലുമില്ലാത്ത വായനക്കാര്‍ക്കിടയില്‍ പോലും കഥയും കഥാപരിസരവും അത്രമേല്‍ ആഴത്തില്‍ പതിയാന്‍ ചില കാരണങ്ങളുണ്ട്. പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്‍റെ കഥ എന്ന ടി.പി. രാജീവന്‍റെ നോവലിന് ശേഷം പുറത്തുവന്ന നോവലാണ്  കെ. ടി.എന്‍. കോട്ടൂര്‍– എഴുത്തും ജീവിതവും.