ഭാഗ്യദേവത അർഹിച്ചവർക്കൊപ്പം; അമ്പരപ്പൊഴിയാതെ കുടുംബം

ഓണം ഭാഗ്യദേവത ഇത്തവണ കടാക്ഷിച്ചത് ഇടുക്കിയിലെ നിര്‍ധന കുടുംബത്തെയാണ് . നെടുങ്കണ്ടം വലിയതോവാള സ്വദേശിയായ അനന്തു വിജയന്‍ എറണാകുളത്ത് നിന്നെടുത്ത ടിക്കറ്റിനാണ് ഓണം ബംപര്‍ അടിച്ചത്. അനന്തുവിന്റെ പിതാവ് വിജയനും ബംപര്‍ ടിക്കെറ്റ് എടുത്തിരുന്നു.

പിതാവ് വിജയന്‍ പതിവായി ലോട്ടറി എടുക്കുന്നത് കണ്ടാണ് അനന്തുവും ടിക്കറ്റ് എടുത്ത് തുടങ്ങിയത്. ഇത്തവണത്തെ ഓണം ബംപര്‍ വിജയന്‍ കട്ടപ്പനയില്‍ നിന്നും അനന്തു എറണാകുളത്ത് നിന്നുമെടുത്തു. അനന്തുവിന്റെ ടിക്കറ്റിലൂടെ ഇത്തവണ ഭാഗ്യ ദേവത വലിയ തോവളയിലെ മലമുകളിലേയ്ക്ക് എത്തി. 12 

കോടി രൂപയിൽ 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം ആദായ നികുതിയും പിടിച്ച്  7.56 കോടി രൂപയാണ് അനന്തുവിനു ലഭിക്കുക.കുന്നിന്‍ മുകളില്‍ അര നൂറ്റാണ്ടു  മുന്‍പ് പണിത  വീട്ടിലാണ് കുടുംബം കഴിയുന്നത്. ഒറ്റയടിപാതയിലൂടെ വേണം വീട്ടില്‍ എത്താന്‍ . മഴക്കാലത്ത് പോലും കുടിവെള്ളം വിലയ്ക്ക് വാങ്ങേണ്ട അവസ്ഥയിലായിരുന്നു ഇവര്‍. ഏത് നിമിഷവും തകര്‍ന്ന് വീഴാവുന്ന വീടിന്റെ സ്ഥാനത്ത് ഒരു കൊച്ചു വീട് ലൈഫ് ഭവന പദ്ധതിയിലൂടെ ലഭ്യമാകുമെന്ന പ്രതീക്ഷയിലിരിക്കെയാണ് ഭാഗ്യ നറുക്ക് വീണത്.   വെള്ളവും വഴിയുമുള്ള സ്ഥലത്ത് ഒരു കൊച്ചു വീട്,  അതാണ് ഇവരുടെ സ്വപ്നം. 

അടച്ചുറപ്പുള്ള കൊച്ചു വീട്, മക്കളുടെ പഠനം, മകളുടെ വിവാഹം തുടങ്ങിയ സ്വപ്‌നങ്ങളിലാണ് ഈ മാതാപിതാക്കള്‍. ബാക്കിയൊക്കെ പിന്നീട് ആലോചിയ്ക്കും. പ്രതീക്ഷയിയ്ക്കാതെ ഭാഗ്യ ദേവത കടാക്ഷിച്ചതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് കുടുംബം.