വാർക്കപ്പണിയെടുക്കുന്ന ജമീലയെ കടാക്ഷിച്ച് ഭാഗ്യദേവത; മാറ്റിവച്ച ടിക്കറ്റിന് ഒന്നാം സമ്മാനം

ടിക്കറ്റുമായി മുഹമ്മദ് വീട്ടിലെത്തിയപ്പോഴാണ് ജമീല അറിയുന്നത് സംസ്ഥാന സർക്കാരിന്റെ 50 ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം തനിക്കാണെന്ന്. വാർക്കപ്പണിയെടുക്കുന്ന അറക്ക വീട്ടിൽ ജമീലയെയാണ് (51) ഒരു കോടി രൂപ സമ്മാനവുമായി ഭാഗ്യദേവത കടാക്ഷിച്ചത്. തൊയക്കാവ് മുനമ്പ് കോളനിയിലെ ലക്ഷം വീട്ടിലാണു ജമീലയുടെ താമസം. പാവറട്ടി ചിറ്റാട്ടുകര റോഡിലെ ഐശ്വര്യ ലോട്ടറിയുടെ വിതരണക്കാരനായ കരുവന്തല മുപ്പട്ടിത്തറ സ്വദേശി പി.കെ. മുഹമ്മദിൽ നിന്നു വാങ്ങിയ എഫ്ആർ 106139 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

മുഹമ്മദിന്റെ കയ്യിൽ നിന്നാണു ജമീല സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ളത്. ജമീല പറയുന്ന നമ്പർ മുഹമ്മദ് മാറ്റിവയ്ക്കും. ടിക്കറ്റിന്റെ പണം പിന്നീടാണ് നൽകുക. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റും അങ്ങനെ മുഹമ്മദ് മാറ്റിവച്ചതാണ്. സമ്മാനം അടിച്ചതും മുഹമ്മദാണ് ആദ്യം അറിഞ്ഞത്. കോളനിയിലെ ചിതലരിച്ച ലക്ഷം വീടിനു പകരം പുതിയ വീടു പണിയണം, ഏക മകനും ഓട്ടോ ഡ്രൈവറുമായ അബ്ദുൽ മാജീദിന്റെ വിവാഹം നല്ല രീതിയിൽ നടത്തണം– ജമീലയുടെ ആഗ്രഹങ്ങൾ ഇതിലൊതുങ്ങുന്നു.