ഡാമുകള്‍ തുറന്നതോടെ പുഴകളില്‍ ജലനിരപ്പ് ഉയരുന്നു; കാസര്‍കോട് രണ്ട് മരണം

മഴക്കെടുതിയില്‍ കാസര്‍കോട് ജില്ലയില്‍ രണ്ട് മരണം. ഡാമുകള്‍ പലതും തുറന്നതോടെ പുഴകളില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. മഴ കുറഞ്ഞതിനാല്‍ കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റി.

കാസര്‍കോട് ഹോസ്ദുര്‍ഗ് സ്വദേശി സുധനും ചേനക്കോട് സ്വദേശി ചന്ദ്രശേഖരനും ഒഴുക്കില്‍പ്പെട്ടാണ് മരിച്ചത്. ജില്ലയില്‍ ഇരുപത്തി അഞ്ച് വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞദിവസം കരകവിഞ്ഞ മധുവാഹിനി, തേജസ്വിനി പുഴകള്‍ നിലവില്‍ അപകടാവസ്ഥയിലല്ല. വാളയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ ഒരു സെന്റിമീറ്റര്‍ വീതം തുറന്നു. തമിഴ്നാട്ടിലെ ആളിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ പാലക്കാട് ചിറ്റൂര്‍ പുഴയില്‍ നേരിയ തോതില്‍ ജലനിരപ്പുയര്‍ന്നു. അട്ടപ്പാടിയിലെ ഭവാനിപ്പുഴയിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. 

വയനാട് ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ പതിനഞ്ച് സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി. പനമരം പുഴയില്‍ ജലനിരപ്പുയര്‍ന്നു. തിരൂരിലും തീരപ്രദേശങ്ങളിലും മഴയില്ല. കഴിഞ്ഞദിവസം വെള്ളക്കെട്ടിലായ എരമംഗലം മാറഞ്ചേരി പ്രദേശങ്ങള്‍ അതേരീതിയില്‍ തുടരുന്നു. കോഴിക്കോടിന്റെ മലയോര മേഖലയില്‍ മഴ തുടരുകയാണ്. 

ജലനിരപ്പ് കുറഞ്ഞതിനാല്‍ കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റി. ചാലിയാര്‍, കടലുണ്ടി പുഴകളും നിറഞ്ഞൊഴുകുകയാണ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള കക്കയം, വിലങ്ങാട്, പുതുപ്പാടി മേഖലയില്‍ ജില്ലാഭരണകൂടം നിരീക്ഷണം ശക്തമാക്കി.