വായിൽ മുറിവേറ്റ 'ബുൾഡോസർ' ചരിഞ്ഞു; നാക്ക് പിളര്‍ന്ന നിലയിൽ

പാലക്കാട് അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ് അവശനിലയിലായിരുന്ന കാട്ടാന ചരിഞ്ഞു. നേരത്തെ ചികില്‍സ നല്‍കിയിരുന്നതാണ്. ആനയുടെ വായില്‍  മുറിവുണ്ടായതിന്റെ കാരണം വ്യക്തമല്ലെങ്കിലും  സ്ഫോടകവസ്തു കടിച്ചതാകാമെന്നാണ് സൂചന. നാലുമാസത്തിനിടെ ജില്ലയില്‍ സമാനരീതിയില്‍ ചരിയുന്ന  മൂന്നാമത്തെ കാട്ടാനയാണിത്.

ബുൾഡോസർ എന്ന മോഴയാനയാണ് ഷോളയൂര്‍ മരപ്പാലത്ത് പാതയോരത്തുവച്ച് രാവിലെ തളര്‍ന്ന് വീണത്.  പിന്നീട് ശ്വാസം നിലച്ചു. വായില്‍ മുറിവുളളതിനാല്‍ ഒരുമാസമായി തീറ്റയെടുക്കാതെ അവശനിലയിലായിരുന്നു. അട്ടപ്പാടിയുടെ കിഴക്കന്‍മേഖലയായ  ഷോളയൂര്‍, ആനക്കട്ടി ഭാഗത്തും തമിഴ്നാട് വനത്തിലുമായി സഞ്ചരിച്ചിരുന്ന കാട്ടാനയ്ക്ക് കഴിഞ്ഞമാസം 18 ന് മയക്കുവെടി വച്ചശേഷം വനംവകുപ്പ് ചികില്‍സ 

നല്‍കിയതാണ്. ആനയുടെ നാവ് പിളര്‍ന്ന നിലയിലായിരുന്നു. ചികില്‍സയ്ക്ക് ശേഷം ‌വനംവകുപ്പിന്റ നിരീക്ഷണം തുടരുന്നതിനിടെ ആന തമിഴ്നാട് ഭാഗത്തേക്ക് പോയി. കഴിഞ്ഞ നാലുദിവസം മുന്‍പാണ് ഷോളയൂരിലേക്ക് തിരികെെയത്തിയത്. വായിലെ മുറിവ് തമിഴ്നാട് ഭാഗത്തുവച്ച് സ്ഫോടക വസ്തു  കടിച്ചപ്പോള്‍ ഉണ്ടായതെന്നാണ് സൂചന.

നിരവധി വീടുകള്‍ ഉള്‍പ്പെടെ തകര്‍ത്തതിനാല്‍ ബുള്‍ഡോസര്‍ എന്നാണ് ആനയെ വിളിച്ചിരുന്നത്. പാലക്കാട് ജില്ലയിൽ കഴിഞ്ഞ നാലുമാസത്തിനിടെ വായിൽ മുറിവേറ്റതിനെ തുടർന്ന് ചരിയുന്ന മൂന്നാമത്തെ കാട്ടാനയാണിത്. അട്ടപ്പാടിയോട്  ചേര്‍ന്നുകിടക്കുന്ന കോയമ്പത്തൂര്‍ വനമേഖലയില്‍ മാത്രം ഇൗവര്‍ഷം പതിനേഴ് കാട്ടാനകള്‍ ചരിഞ്ഞെന്നാണ് കണക്ക്. വിശദമായ പഠനവും അന്വേഷണവും ആവശ്യമാണ്.

MORE IN KERALA