ഉത്തരവ് കാറ്റിൽപറത്തി അനുമോദനചടങ്ങ്; സിപിഎം ജില്ലാസെക്രട്ടറിക്കെതിരെ പരാതി

തിരുവല്ല തിരുമൂലപുരത്ത് നടന്ന വിദ്യാർഥി അനുമോദനചടങ്ങിൽ, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പങ്കെടുത്തത് വിവാദത്തിൽ. ചിന്ത ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിനെചൊല്ലിയാണ് വിവാദം. ഉദയഭാനുവിനെതിരെ ദേശീയ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. 

പത്തനംതിട്ടയിൽ ഏരിയാ കമ്മിറ്റിയംഗത്തിനടക്കം  കോവിഡ് സ്ഥിരീകരിച്ച സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പരാതി. ഏരിയകമ്മിറ്റി യോഗത്തിൽ പങ്കെടുത്ത നേതാക്കൾ നേരത്തെ  ക്വാറന്റീനിൽ പ്രവേശിച്ചിരുന്നു. 

ജില്ല സെക്രട്ടറി അടക്കം ക്വറന്റീനിൽ പോകണമെന്ന് ആവശ്യവും ഉയർന്നു.  എന്നാൽ, കോവിഡ് സ്ഥിരീകരിച്ചവരുമായി തനിക്ക് സമ്പർക്കം ഉണ്ടായിട്ടില്ലെന്ന് വിശദീകരിച്ച ഉദയഭാനു ക്വറന്റീന് തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് ഉദയഭാനു, വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ എത്തിയത്. ഇത് ഗുരുതരകുറ്റമാണെന്നാണ് ആരോപണം. 

അനുമോദനചടങ്ങിൽ ഉദ്ഘാടകനായതും അവാർഡുകൾ കൈമാറിയതും ഉദയഭാനുവാണ്. 

കോവിഡ്-19 അതീവജാഗ്രതയുടെ ഭാഗമായി ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്ക് നിലനില്കുനുണ്ട്. പ്രത്യേകിച്ച് അനുമോദന ചടങ്ങുകൾ. 

ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 34പ്രകാരം ഇവ നിരോധിച്ച് ജില്ലാകലക്ടര്‍ ഉത്തരവും ഇറക്കി. ഈ ഉത്തരവിന്റെ പ്രത്യക്ഷലംഘനമാണ് പരിപാടിയെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ, നേതാക്കൾ ക്വാറന്റീൻ ലംഘംനം നടത്തിയിട്ടില്ലെന്നും, കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു പരിപാടിയെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.