'കെട്ട കാലത്തെ ഇലക്ഷന് ടീച്ചർ ജയിക്കേണ്ടത് നാടിന്റെ ആവശ്യം'; പിന്തുണച്ച് നിഖില

nikhila-vimal-support-shailaja
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയ്ക്ക് പിന്തുണയുമായി നടി നിഖില വിമല്‍.

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു താരത്തിന്‍റെ പിന്തുണ. ഈ കെട്ട കാലത്തെ വളരെ പ്രധാനപ്പെട്ട ഇലക്ഷന് ടീച്ചർ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്‌ എന്ന് നിഖില കുറിച്ചു. കേരളത്തിൽ നിന്നും വടകരയുടെ പ്രതിനിധിയായി ടീച്ചർ പാർലമെന്റിൽ ഉണ്ടാകണമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇതിനോടകം പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

നിപ്പ, കൊവിഡ് ഉള്‍പ്പെടെയുള്ള പാന്‍ഡമിക്കുകളുടെ കാലത്തെ മാതൃകാപരമായ പ്രവര്‍ത്തനത്തെയും ആരോഗ്യ മേഖലയെ മികച്ച രീതിയിലേക്ക് മാറ്റുന്നതിനു വേണ്ടിയുള്ള ശൈലജയുടെ പ്രവര്‍ത്തനത്തെയും നിഖില അഭിനന്ദിച്ചു. ഐക്യരാഷ്ട്ര സഭയും ലോകവും ആദരിച്ച നമ്മുടെ നാടിന്റെ അഭിമാനമാണ് ടീച്ചര്‍, ജയിച്ച് വന്നാൽ നാടിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമെന്ന പ്രതീക്ഷ ഉണ്ടെന്നും താരം കുറിച്ചു. 

കുറിപ്പിന്‍റെ പൂര്‍ണരൂപം:

നിപ്പയും കൊവിഡുമുള്‍പ്പെടെയുള്ള പാന്‍ഡമിക്കുകളുടെ കാലത്ത് നമ്മുടെ ആരോഗ്യ സംവിധാനത്തെ മാതൃകാപരമായി നയിച്ച പൊതുപ്രവര്‍ത്തകയാണ് കെ കെ ശൈലജ ടീച്ചര്‍. പാന്‍ഡമിക്കുകളുടെ കാലത്ത് പ്രതിരോധം സാമൂഹിക ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുത്തുന്നതില്‍ നമ്മുടെ ആരോഗ്യ മേഖലയെ അടിമുടി നവീകരിക്കുന്നതിലെല്ലാം അവര്‍ മുന്നില്‍ നിന്നു. സർക്കാർ ആശുപത്രികൾ ആധുനിക സൗകാര്യങ്ങളോടെ നവീകരിക്കുക വഴി ഏറ്റവും സാധാരണക്കാരായ മനുഷ്യരെയും പരിഗണിക്കുകയെന്ന രാഷ്ട്രീയമാണ് അവർ മുന്നോട്ടുവച്ചത് ,ആ രാഷ്ട്രീയം നാടിനാവശ്യമാണ്.

ഐക്യരാഷ്ട്ര സഭയും ലോകവും ആദരിച്ച നമ്മുടെ നാടിന്റെ അഭിമാനമാണ് ടീച്ചർ. ദി ഗാർഡിയനിലും, വോഗ് മാസികയിലും , ബിബിസിയിലും നമ്മുടെ ടീച്ചർ ഇടം പിടിച്ചു. സി.ഇ.യു ഓപ്പൺ സൊസൈറ്റി പ്രൈസ് ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ച പൊതു പ്രവർത്തകയാണ് അവർ.

കണ്ണൂർ ആയതുകൊണ്ട് തന്നെ ടീച്ചറിനെ കൂടുതൽ അറിയാൻ അവസരം കിട്ടിയിട്ടുണ്ട് . പലപ്പോഴും പല പൊതുവേദികളിലും ഒന്നിച്ച് ഇടപെടേണ്ടിയും വന്നിട്ടുണ്ട്. ടീച്ചർ ജയിച്ച് വന്നാൽ നാടിനുവേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമെന്ന പ്രതീക്ഷ ഉണ്ട്‌. ഈ കെട്ട കാലത്തെ വളരെ പ്രധാനപ്പെട്ട ഇലക്ഷന് ടീച്ചർ ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്‌.

കേരളത്തിൽ നിന്നും വടകരയുടെ പ്രതിനിധിയായി ടീച്ചർ പാർലമെന്റിൽ ഉണ്ടാകണം.. അത് നമ്മുടെ ഉത്തരവാദിത്വമാണ് ...@shailajateacher

പ്രിയപ്പെട്ട ഷൈലജ ടീച്ചർക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.

താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകളുമെത്തുന്നുണ്ട്. ശൈലജയെ മറികടന്ന് ഇത്തവണ ഷാഫി വടകര പിടിക്കുമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

MORE IN KERALA
SHOW MORE