ചാവക്കാട് മാര്‍ക്കറ്റില്‍ മിന്നല്‍പരിശോധന; കൂട്ടംകൂടി ജനം; കേസ്

ചാവക്കാട് ബ്ലാങ്ങാട് മൽസ്യ മാർക്കറ്റിൽ ജനത്തിരക്ക് വർധിച്ചതിൽ ആശങ്ക. കോവിഡ് രോഗവ്യാപനത്തിന് സാധ്യത. ഇന്നു പുലർച്ചെ പൊലീസ് നടത്തിയ പരിശോധനയിൽ മുപ്പത് പേർക്ക് എതിരെ കേസെടുത്തു.

ചാവക്കാട് ബ്ലാങ്ങാട് മീൻ ചന്തയാണിത്. സാമൂഹിക അകലം ലെവലേശമില്ല. മാസ്ക്ക് ധരിക്കാതെ വരെ ആളുകൾ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നാടൊന്നാകെ അണിനിരക്കുമ്പോഴാണ് ഈ അശ്രദ്ധ. ഇന്നു പുലർച്ചെ നാലു മണിയോടെ മീൻ ചന്തയിൽ പൊലീസ് ഇറങ്ങി. സാമൂഹിക അകലം പാലിക്കാത്തവരേയും മാസ്ക്ക് ധരിക്കാത്തവരേയും പിടികൂടാൻ . മുപ്പത് കേസുകളാണ് ഒറ്റയടിക്ക് എടുത്തത്. പൊന്നാനി , കുന്നംകുളം ചന്തകൾ കണ്ടെയ്ൻമെൻ്റ് സോണിലായതിനാൽ അടച്ചിട്ടിരിക്കുകയാണ്. 

മീൻ വ്യാപാരികളുടേയും ലോറിക്കാരുടേയും സഹകരണം ഉറപ്പാക്കാതെ ചന്ത മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല. രോഗവ്യാപനത്തിൻ്റെ തീവ്രത തിരിച്ചറിഞ്ഞ് നിയമങ്ങൾ പാലിക്കണമെന്നാണ് പൊലീസിൻ്റേയും ആരോഗ്യ വകുപ്പിൻ്റെയും അഭ്യർഥന .>