പ്രളയത്തില്‍ വീടുകള്‍ മുങ്ങി; അടിയന്തര ധനസഹായം ലഭിക്കാതെ 63 കുടുംബങ്ങൾ

പ്രളയത്തില്‍ വീടുകള്‍ മുങ്ങി ഒരുവര്‍ഷമായിട്ടും അടിയന്തര ധനസഹായം പോലും ലഭിക്കാതെ കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ അറുപത്തിമൂന്ന് കുടുംബങ്ങള്‍. സാങ്കേതിക പ്രശ്നമാണെന്നും ഉടന്‍ പരിഹരിക്കുമെന്നും മാത്രമാണ് ഓഫിസുകള്‍ കയറിയിറങ്ങുന്നവരോട് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ചാലിയാറിന്റെ തീരത്താണ് ഡ്രിഗ്രി വിദ്യാര്‍ഥിനിയായ ദിയയുടെ വീട്. കഴിഞ്ഞ പ്രളയത്തില്‍ പുഴ കരവിഞ്ഞ് വീട് വെള്ളത്തിനടിയിലായി. പാഠപുസ്കമടക്കം നനഞ്ഞ് നശിച്ചുപോയി. എന്നിട്ടും അടിയന്തര ധനസഹായമായ പതിനായിരം രൂപാപോലും ഇതുവരെ ലഭിച്ചില്ല. ചാലിയാറിന്റെ തീരം ഇടിഞ്ഞ് കൃഷിയിടവും നഷ്ടമായി.

ചാത്തമംഗലം പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ 43 കുടുംബങ്ങള്‍ക്കും ഒന്‍പതാംവാര്‍ഡില്‍ 20 കുടുംബങ്ങള്‍ക്കുമാണ് പതിനായിരം രൂപ ലഭിക്കാനുള്ളത്. 

പലവട്ടം പരാതികളുമായി വില്ലേജ്, താലൂക്ക് ഓഫിസുകളില്‍ പോയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൂളിമാട് ടൗണ്‍ ഉള്‍പ്പടെയുള്ള മേഖലയില്‍ രണ്ടാള്‍ ഉയരത്തിലാണ് കഴിഞ്ഞതവണ വെള്ളം കയറിയത്. ധനസഹായം ലഭിക്കാത്തവരുടെ വിവരങ്ങള്‍ വീണ്ടും ശേഖരിച്ചെന്നും ഉടന്‍ പരിഹാരം കാണുമെന്നുമാണ് വില്ലേജ് അധികൃതരുടെ മറുപടി