ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജോസ്; ഇനിയില്ലെന്ന് ജോസഫ്; മുറുകുന്ന തര്‍ക്കം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ജോസ് പക്ഷം തള്ളിയെങ്കിലും യു.ഡി.എഫ്  അനുരഞ്ജന ശ്രമങ്ങൾ  തുടരും. ചർച്ചയ്ക്ക് വിളിച്ചാൽ പോകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയപ്പോൾ ഇനി ഒരു ചർച്ചയും ഇല്ലെന്നായിരുന്നു പി ജെ ജോസഫിന്റ പ്രതികരണം. രാജിവയ്ക്കണമെന്ന് തന്നെയാണ് യു.ഡി.എഫിന്റ അഭിപ്രായമെന്ന് ഉമ്മൻ ചാണ്ടി കോട്ടയത്ത് ആവർത്തിച്ചു.    

അനുരഞ്ജനത്തിന്റ വഴി പൂർണമായും അടഞ്ഞിട്ടില്ലെന്നാണ് യു ഡി എഫ് നേതാക്കളുടെ വിലയിരുത്തൽ. ചർച്ചയിലൂടെ ജോസ് പക്ഷത്തെ രാജിക്ക് സന്നദ്ധരാക്കുകയാണ് ലക്ഷ്യം. രാജിവയ്ക്കമെന്ന ആവശ്യം കോട്ടയത്ത് ആവർത്തിച്ച ഉമ്മൻചാണ്ടി ചർച്ച തുടരുമെന്ന് പറഞ്ഞതും ആ പ്രതീക്ഷയിലാണ്.

എന്നാൽ 2010 ൽ കെ എം മാണിയും പിജെ ജോസഫും ലയിക്കുമ്പോഴുണ്ടാക്കിയ സീറ്റ് ധാരണ വരുന്ന തിരഞ്ഞെടുപ്പുകളിലും പാലിക്കാമെന്ന് രേഖാമൂലം ഉറപ്പു കിട്ടാതെ രാജിവയ്ക്കില്ലെന്നാണ് ജോസ് പക്ഷത്തിന്റ കർശന നിലപാട്. എങ്കിലും ചർച്ച തുടരുന്നതിൽ സന്തോഷമുണ്ടെന്ന് ജോസ് കെ മാണി വ്യക്തമാക്കി. എന്നാൽ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് പി ജെ ജോസഫ്. 

 രാജിവയ്ക്കുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് മുന്‍കൈ എടുത്ത് ജില്ലാ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റ  ആവശ്യം. എന്നാല്‍ അവിശ്വാസം കൊണ്ടു വന്ന് മുന്നണിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന്  കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ആവശ്യത്തിൽ നിന്ന് ജോസഫ് വിഭാഗം അൽപം പിന്നോട്ട് പോയിട്ടുണ്ട്.