കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ വലിയ വിജയം സമ്മാനിക്കും: വോട്ടിട്ട് കെകെ ശൈലജ

Untitled design - 1
SHARE

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ മട്ടന്നൂർ പഴശി വെസ്റ്റ് യുപി സ്കൂളിലെ അറുപത്തിഒന്നാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക വലിയ വിജയമായിരിക്കുമെന്ന് വോട്ടിട്ട ശേഷം കെകെ ശൈലജ ഫെയ്സ്ബുക്കിൽ കുറിച്ചു.  കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ ജനപക്ഷ വികസന പ്രവർത്തനങ്ങളും, കേന്ദ്രസർക്കാറിന് കേരളത്തോടുള്ള അവഗണനയും തിരിച്ചറിഞ്ഞ് ജനങ്ങൾ ഇടതുപക്ഷത്തിനായി വോട്ട് രേഖപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി. 

ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള തിരഞ്ഞെടുപ്പാണ് ഇതെന്ന് നീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആണെങ്കിലും, ഷാഫി പറമ്പിലിന്റെ വോട്ട് പാലക്കാടാണ്. അതുകൊണ്ടുതന്നെ രാവിലെ പാലക്കാടെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വടകരയിലെത്തിയത്. ഇവിഎമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമതാണെന്നാണ് വിശ്വാസമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു. 

കടുത്ത പോരാട്ടത്തിലാണെങ്കിലും സ്വന്തം പേരിനു നേരെ വോട്ടുകുത്താന്‍ കഴിയാത്ത സ്ഥാനാര്‍ഥികള്‍ ഏറെയാണ്. ഷാഫിയെ പോലെ തന്നെ പല സ്ഥാനാർത്ഥികളും മല്‍സരിക്കുന്ന മണ്ഡലത്തില്‍ അതിഥികളാണ്. അതുകൊണ്ടുതന്നെ വോട്ടെടുപ്പു ദിനത്തിൽ ഇവരിൽ പലരും സ്വന്തം മണ്ഡലത്തിലെത്തി വോട്ടിടാനുള്ള ഓട്ടത്തിലാവും. 

തന്റെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് വടകരയിലെ എല്‍.‍ഡി.എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ പ്രതികരിച്ചിരുന്നു. ഫോട്ടോ പതിച്ചതും മോശം പരാമര്‍ശങ്ങളടങ്ങിയതുമായ പോസ്റ്റുകളാണ് പ്രചരിപ്പിച്ചത്. യു.ഡി.എഫ് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് കെ കെ ശൈലജ പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിരുന്നു. നാലുപേര്‍ക്കെതിരെ കേസെടുത്ത പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെയടക്കം രണ്ടുപേരെ അറസ്റ്റും ചെയ്തിരുന്നു. എന്നാല്‍ കെ കെ ശൈലജയുടെ പി.ആര്‍ ടീം പടച്ചുവിട്ട നുണയാണിതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വീഡിയോ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. 

K K Shailaja facebook post after voting 

MORE IN KERALA
SHOW MORE