ഉല്‍സവത്തിനിടെ സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു; പിന്നിൽ കോൺഗ്രസെന്ന് ഗണേഷ്കുമാര്‍

കൊല്ലം കുന്നിക്കോട് കോക്കാട് കേരള കോൺഗ്രസ് ബി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡൻ്റ് മനോജാണ് കൊല്ലപ്പെട്ടത്.  രാഷ്ട്രീയ കൊലപാതകമാണന്നും  പിന്നിൽ കോൺഗ്രസ് ആണെന്നും കെബി ഗണേഷ്കുമാർ എംഎൽഎ ആരോപിച്ചു. എന്നാൽ ക്രിമിനൽ കേസ് പ്രതിയാണ് മരിച്ചതെന്നും പാർട്ടിക്ക് പങ്കില്ലെന്നുമാണ് കോൺഗ്രസ് വിശദീകരണം. കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മനോജിന് വെട്ടേറ്റത്. ഉത്സവസ്ഥലത്തെ സംഘർഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. വെട്ടേറ്റ നിലയിൽ രാത്രി കോക്കാട് റോഡിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേർന്നാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 

കൈവിരലുകൾ വെട്ടി മാറ്റിയ നിലയിലും കഴുത്തിനു വെട്ടേറ്റ നിലയിലുമായിരുന്നു. പരുക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്കൊണ്ടുപോയി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മനോജ് മരിച്ചു. കേരള കോൺഗ്രസ് ബി യുടെ യുവജനവിഭാഗമായ യൂത്ത് ഫ്രണ്ട് ചക്കുവരക്കൽ മണ്ഡലം പ്രസിഡന്റാണ് മനോജ് . മനോജിൻ്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് കെ ബി ഗണേഷ് കുമാർ എംഎൽഎ ആരോപിച്ചു. എന്നാൽ ആരോപണം കോൺഗ്രസ് നിഷേധിച്ചു. കൊല്ലപ്പെട്ടയാളുടെ ക്രിമിനൽ പശ്ചാത്തലവും അന്വേഷിക്കണമെന്നും മനോജിന്റ മരണത്തിൽ പങ്കില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പ്രതികളെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും കുന്നിക്കോട് പൊലീസ് അറിയിച്ചു.