പ്രാദേശിക വികാരം മാനിച്ചില്ലെന്ന് അണികൾ; കടമേരി വെസ്റ്റിൽ കോൺഗ്രസ് തർക്കം

കോഴിക്കോട് ആയഞ്ചേരി പഞ്ചായത്ത് കടമേരി വെസ്റ്റിലെ തോല്‍വിയില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. റെബല്‍ സ്ഥാനാര്‍ഥിയുണ്ടായാലും ജയിച്ച് കയറുന്ന വാര്‍ഡ് ഇത്തവണ എല്‍.ഡി.എഫ് പിടിച്ചതാണ് പാര്‍ട്ടിയില്‍ വിവാദത്തിനിടയാക്കിയിരിക്കുന്നത്. റെബല്‍ സ്ഥാനാര്‍ഥി 394 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് കിട്ടിയത് 92 വോട്ട് മാത്രം. 

ആയഞ്ചേരിയില്‍ 17 ല്‍ പത്തും നേടി യു.ഡി.എഫ് ഭരണം നേടിയെങ്കിലും കടമേരി വെസ്റ്റിലെ തോല്‍വി കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്. സി.പി.എമ്മിലെ ടി.വി.കുഞ്ഞിരാമനാണ് വെസ്റ്റില്‍ ജയിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ വിമത സ്ഥാനാര്‍ഥി നൈസാം 392 വോട്ട് നേടിയപ്പോള്‍ എല്‍.ഡി.എഫിന് 30 വോട്ടിന്റെ ഭൂരിപക്ഷം. കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരിച്ച ഡി.സി.സി അംഗം തേറത്ത് കുഞ്ഞികൃഷ്ണന് കിട്ടിയത് 92 വോട്ട്. പ്രാദേശിക വികാരം മാനിക്കാതെയുള്ള സ്ഥാനാര്‍ഥി നിര്‍ണയമെന്നാണ് അണികള്‍ പറയുന്നത്. തേറത്ത് ജയിക്കില്ലെന്ന് കണ്ടതോടെ ഒരുവിഭാഗം സി.പി.എമ്മിന് വോട്ട് മറിച്ചതായും ഇവര്‍ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ശബ്ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ഥാനാര്‍ഥിയായതോടെ നൈസാമിനെതിരെയും മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെയും പാര്‍ട്ടി നടപടിയെടുത്തിരുന്നു. നടപടി പിന്‍വലിച്ചില്ലെങ്കില്‍ തുടര്‍ പരിപാടികളില്‍ സഹകരിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. ആയഞ്ചേരിയിലെ പ്രാദേശിക നേതൃത്വത്തിന് ഇക്കാര്യത്തില്‍ കടുത്ത അതൃപ്തിയാണുള്ളത്. 

പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി ഓഫിസിന് മുന്നില്‍ കഴിഞ്ഞദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കടമേരിയിലുള്‍പ്പെടെയുണ്ടായ തോല്‍വി ഡി.സി.സിയില്‍ ഉന്നയിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്. കടമേരിയില്‍ റിബലിനെ തോല്‍പ്പിച്ച പഞ്ചായത്തംഗം കൂറുമാറിയതാണ് കഴിഞ്ഞതവണ അവസാന വര്‍ഷം ആയഞ്ചേരിയില്‍ എല്‍.ഡി.എഫിനെ അധികാരത്തിലെത്തിച്ചത്.