സോണിയെ അപകീര്‍ത്തിപ്പെടുത്തൽ; അന്വേഷണം യുഡിഎഫ് ജില്ലാ ചെയർമാനിലേക്ക്: വിവാദം

വ്യാജ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യനെ അപകീര്‍ത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ വിവാദം. യുഡിഎഫ് ജില്ല ചെയര്‍മാന്‍ പി ടി മാത്യുവിന്‍റെ ലാന്‍ഡ് ഫോണ്‍ നമ്പറാണ് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ഉപയോഗിച്ച ഐപി അഡ്രസിലുള്ളതെന്ന് പൊലീസ് കണ്ടെത്തി. പൊലീസിന്‍റെ കണ്ടെത്തല്‍ ശരിയെങ്കില്‍ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കുമെന്ന് സോണി സെബാസ്റ്റ്യന്‍. ഇരിക്കൂറില്‍ തന്‍റെ സ്ഥാനാര്‍ഥിത്വം ഇല്ലാതാക്കുകയായിരുന്നു വിവാദത്തിന്‍റെ ലക്ഷ്യമെന്നും സോണി സെബാസ്റ്റ്യന്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് സോണി സെബാസ്റ്റ്യനെതിരെ ഫെയ്സ്ബുക്കിലൂടെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ജോണ്‍ ജോസഫ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് മാര്‍ച്ച് മൂന്നു മുതലുള്ള ദിവസങ്ങളില്‍ പോസ്റ്റിട്ടതും പ്രചരിപ്പിച്ചതും. സോണി സെബാസ്റ്റ്യന്‍ സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയിലുള്ള അന്വേഷണം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി മാത്യുവിലാണ് എത്തി നില്‍ക്കുന്നത്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ഉപയോഗിച്ചത് പി ടി മാത്യുവിന്‍റെ ലാന്‍ഡ് ഫോണ്‍ നമ്പറാണെന്ന് കണ്ടെത്തി. ഇതോടെ സൈബര്‍ സെല്‍ ആലക്കോട് സ്റ്റേഷനിലേക്ക് കേസ് കൈമാറി. ഇരിക്കൂറിലേക്ക് അവസാനഘട്ടം വരെ എ ഗ്രൂപ്പ് പരിഗണിച്ചയാളാണ് സോണി സെബാസ്റ്റ്യന്‍

ഫോണ്‍ നമ്പര്‍ തന്‍റെ വീട്ടിലേതാണെന്ന് സ്ഥിരീകരിച്ചെങ്കിലും സംഭവത്തില്‍ പങ്കില്ലെന്നാണ് മാത്യുവിന്‍റെ നിലപാട്.