വൈദ്യുതിക്കായി ഓഫീസിനു മുന്നിൽ സമരമിരുന്ന് കുടുംബം; നടപടി മണിക്കൂറുകൾക്കുള്ളിൽ

വൈദ്യുതികണക്ഷനായി തിരുവല്ല മണിപ്പുഴ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിനുമുന്നില്‍ സമരമിരുന്ന് നാലംഗകുടുംബം. പെരിങ്ങര വേങ്ങല്‍ സ്വദേശി സുരേഷും കുടുംബവുമാണ് സമരവുമായി രംഗത്തെത്തിയത്. പിന്നാലെ, ഉണര്‍ന്ന് പ്രവര്‍ത്തിച്ച കെ.എസ്.ഇ.ബി, മണിക്കൂറുകള്‍ക്കുള്ളില്‍ ഇവരുടെ വീട്ടില്‍ വൈദ്യുതിയെത്തിച്ച് തടിയൂരി.

മെഴുകുതിരി വെളിച്ചത്തിലായിരുന്നു എട്ടാംക്ലാസുകാരനായ വസന്തിന്‍റെയും, അഞ്ചാംക്ലാസുകാരിയായ വാമികയുടേയും ഇതുവരെയുളള പഠനം. എന്നാല്‍ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെട്ടുതുടങ്ങിയതോടെ വൈദ്യുതി അത്യാവശ്യമായിതീര്‍ന്നു. ഇതോടെയാണ് മനുഷ്യാവകാശ 

സംഘടനയുടെ സഹായത്തോടെ മണിപ്പുഴ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസിലേക്ക് സമരവുമായെത്തിയത്. വീട് ഏറെനാള്‍ അടച്ചിട്ടിരുന്നകാലത്ത് കെ.എസ്.ഇ.ബി വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നെന്നും, പുനസ്ഥാപിക്കാനുള്ള അപേക്ഷകള്‍ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം 

അതേസമയം, വൈദ്യുതി കണക്ഷന് കൃത്യമായ അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കുന്നത്. പക്ഷെ, ഓഫീസിനുമുന്നിലെ സമരം വിവാദമാകും എന്നായതോടെ, ഉടന്‍തന്നെ വൈദ്യുതികണക്ഷന്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറാവുകയായിരുന്നു. ഇതോടെ, വിദ്യാര്‍ഥികളുടെ പഠന ആശങ്കകള്‍ക്കും വിരാമമായി.