ബില്ല് 27,200; എത്ര ഇളവുകിട്ടുമെന്ന് കെഎസ്ഇബിയോട് ഉമ്മൻ ചാണ്ടി: മറുപടി ഇങ്ങനെ

കെഎസ്ഇബി കോവിഡ് പ്രതിസന്ധിക്കിടെ ഷോക്കടിപ്പിക്കുന്ന ബില്ലുകൾ നൽകിയത് വലിയ വിവാദത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ രംഗത്തെത്തി. എന്നാൽ സ്വന്തം ബില്ലിൽ ഇളവു തേടി പോയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അവസ്ഥ അദ്ദേഹം തന്നെ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. 

കുറിപ്പ് വായിക്കാം: കോവിഡ് കാലത്ത് ഉപയോക്താക്കളെ മുച്ചൂടും പിഴിഞ്ഞ വൈദ്യുതി ബോര്‍ഡിനെതിരേ പ്രതിപക്ഷം ഉയര്‍ത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് ചില ഇളവുകള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമായെങ്കിലും കോവിഡിന് മുമ്പുണ്ടായിരുന്ന വൈദ്യുത നിരക്ക് ഇനിയും നടപ്പാക്കിയിട്ടില്ല. ഉപഭോക്താവിന് നീതി കിട്ടണമെങ്കില്‍ ആ നിരക്കിലേക്ക് മടങ്ങിപ്പോകുക തന്നെ വേണം.

സാധാരണഗതിയില്‍ 8000 രൂപയോളം വൈദ്യതി ബില്‍ ആകുന്ന എനിക്ക് കിട്ടിയ ബില്‍ 27,200 രൂപയുടേതാണ്. ഇതില്‍ 7713 രൂപ കുടിശിക തുകയാണ്. ഏപ്രില്‍ മെയ് മാസങ്ങളില്‍ എനിക്ക് വൈദ്യതി ബില്‍ കിട്ടിയിട്ടില്ല. എസ്എംഎസ് അയച്ചെന്നു ബോര്‍ഡ് പറയുന്നു. അതു കിട്ടിയതായി അറിവില്ല. കുടിശിക അടയ്‌ക്കേണ്ട എന്ന് ബോര്‍ഡിന്റെ മറ്റൊരു അറിയിപ്പ് കിട്ടി. കുടിശിക തുക മാറ്റിവച്ചാലും ബില്‍ 20,000 രൂപയ്ക്ക്ു മുകളിലാണ്.

ഇപ്പോള്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ എനിക്കെത്ര രൂപയുടെ ഇളവ് കിട്ടുമെന്നു തിരക്കിയപ്പോള്‍, അതിപ്പോള്‍ പറയാന്‍ പറ്റില്ല എന്നായിരുന്നു മറുപടി.ജനങ്ങൾക്ക് എല്ലാവര്‍ക്കും ഉണ്ടായത് പോലതന്നെ, മൊത്തത്തില്‍ ഷോക്കടിപ്പിച്ച അനുഭവമാണ് ഉണ്ടായതെന്നു പറയാതെ വയ്യ.’ അദ്ദേഹം കുറിച്ചു.