വരുമാനമില്ല, ബോട്ടുകൾ കടലിൽ; നിയന്ത്രണങ്ങൾ‍ മറികടന്ന് മത്സ്യത്തൊഴിലാളികൾ

:വരുമാനമില്ലാതായതോടെ നിയന്ത്രണങ്ങള്‍ മറികടന്ന് ബോട്ടുകള്‍ കടലിലിറക്കി മത്സ്യത്തൊഴിലാളികള്‍. ന്യൂനമര്‍ദമായതിനാല്‍ കേരള തീരത്ത് ഏര്‍പ്പെടുത്തിയ മത്സ്യബന്ധന നിരോധനമാണ് മിക്ക ജില്ലകളിലും ലംഘിക്കപ്പെട്ടത്. ഇതോടെ കോവിഡ് മാനദണ്ഡങ്ങളും പാലിക്കപ്പെട്ടില്ല.

കഴിഞ്ഞമാസം 28മുതലാണ് നിരോധനം തുടങ്ങിയത്. എന്നാല്‍ ചില ഹാര്‍ബറുകളില്‍നിന്ന് നിരോധനം മറികടന്നും മീന്‍പിടിക്കാന്‍ പോയി. ഇവര്‍ക്കെതിരെ നടപടിയെടുക്കാനും അധികൃതര്‍ തയ്യാറായില്ല. ഇതോടെയാണ് മറ്റ് ഹാര്‍ബറുകളില്‍നിന്നും കൂട്ടത്തോടെ വലിയ ബോട്ടുകള്‍ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. ട്രോളിങ് തുടങ്ങാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കുന്നതാണ് ഇത്തരം തീരുമാനമെടുക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്. 

തിരക്ക് ഒഴിവാക്കാന്‍ ഒറ്റ ഇരട്ട നമ്പര്‍ അടിസ്ഥാനത്തില്‍ ടോക്കണ്‍ നല്‍കിയാണ് ബോട്ടുകള്‍ കടലില്‍ പോയിരുന്നത്. നിരോധനം ലംഘിച്ചുള്ള മീന്‍ പിടുത്തമായതിനാല്‍ ടോക്കണ്‍ സംവിധാനവും പാളി.