തീരദേശം പ്രതിസന്ധിയില്‍; മല്‍സ്യത്തൊഴിലാളികള് പ്രക്ഷോഭത്തിൽ‍; അതിനിടെ സിെഎടിയുവിന്റെ സംഗമ പരിപാടി

തീരദേശമേഖലയിലെ പ്രതിസന്ധിയില്‍ സംസ്ഥാനമൊട്ടാകെ മല്‍സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലായിരിക്കെ മല്‍സ്യത്തൊഴിലാളി സംഗമവുമായി സിെഎടിയു നേതൃത്വത്തിലുളള മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍. കൊല്ലം തങ്കശേരി കടപ്പുറത്ത് നാളെ (13) വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞദിവസം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശമാണ് ഉയര്‍ന്നത്. 

കേന്ദ്രസര്‍ക്കാരിനെതിരെയാണ് മല്‍സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് സിെഎടിയു സംഘടനയുടെ പ്രതിഷേധം.

സംസ്ഥാനസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ടെന്നിരിക്കെ മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളോട് അവരുടെ പ്രക്ഷോഭങ്ങളോട് മുഖ്യമന്ത്രി എന്ത് മറുപടി നല്‍കുമെന്നാണ് തീരദേശമേഖല കാത്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെയുളള പ്രതിഷേധങ്ങളുടെ മുനയൊടിക്കാന്‍ കൂടിയാണ് തങ്കശേരി കടപ്പുറത്തെ മല്‍സ്യത്തൊഴിലാളി സംഗമം. സിെഎടിയു നേതൃത്വത്തിലുളള കേരള സംസ്ഥാന മല്‍സ്യത്തൊഴിലാളി ഫെ‍ഡറേഷനാണ് കാല്‍ലക്ഷം പേരെ പങ്കെടുപ്പിച്ച് പൊതുസമ്മേളനം നടത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണയുടെ വില നാലിരട്ടിയാക്കി വര്‍ധിപ്പിച്ചതു പിന്‍വലിക്കുക, കേന്ദ്രപൂളില്‍ നിന്ന് കൂടുതല്‍ മണ്ണെണ്ണ നല്‍കുക എന്നിവയാണ് ഉന്നയിക്കുന്ന പ്രധാന വിഷയങ്ങള്‍. മല്‍സ്യത്തൊഴിലാളി സംഗമത്തിന് മുന്നോടിയായി സംസ്ഥാനമൊട്ടാകെ പ്രചാരണജാഥ നടത്തിയിരുന്നു.

ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തോടും മല്‍സ്യത്തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളോടും മുഖ്യമന്ത്രി പ്രതികരിക്കുമോ എന്നത് പ്രധാനമാണ്. മല്‍‌സ്യത്തൊഴിലാളികളുടെ പുനരധിവാസം നീളുന്നതും വിഴിഞ്ഞം മേഖലയിലെ ആശങ്കള്‍ക്ക് പരിഹാരമില്ലാത്തതുമാണ് പ്രതിഷേധത്തിലേക്ക് തളളിവിട്ടത്. സമരം പൊളിക്കാന്‍ പൊലീസ് ഇടപെടല്‍ ഉണ്ടായതിലും തലസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് അമര്‍ഷമുണ്ട്. ഇതിനൊക്കെ മറുപടിയായി സര്‍ക്കാരിന് അനുകൂലമായി കാര്യങ്ങളെ മാറ്റാനും ചിന്തിപ്പിക്കാനുളള പ്രഖ്യാപനങ്ങള്‍ കൊല്ലത്തെ മല്‍സ്യത്തൊഴിലാളി സംഗമത്തില്‍ ഉണ്ടാകാനാണ് സാധ്യത.