തിരുവനന്തപുരത്ത് കനത്ത മഴയും വെള്ളപ്പൊക്കവും; വ്യാപക നാശനഷ്ടം

തിരുവനന്തപുരത്ത്  ഇന്നലെ രാത്രി മുതൽ പെയ്ത കനത്ത മഴയിൽ ജില്ലയുടെ മലയോരമേഖലളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ‌വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. നെയ്യാര്‍, നെടുമങ്ങാട് മേഖലകളില്‍ വ്യാപക കൃഷിനാശവുമുണ്ട്. വേനൽമഴ ശക്തമായതും ഉംപുൻ ചുഴലിക്കാറ്റിന്റെ സ്വാധീനവുമാണ് മഴ കനക്കാൻ കാരണം.

കോവിഡ് പ്രതിസന്ധിക്കിടെയെത്തിയ വേനൽ മഴ നഗര ഗ്രാമ വ്യത്യാസമില്ലാതെ തലസ്ഥാന ജില്ലയിലെ ജനജീവിതം താറുമാറായി. മണിക്കൂറുകള്‍ നീണ്ട തോരാമഴയ്ക്കൊപ്പം അരുവിക്കര ഡാമിന്റെ ഷട്ടര്‍ മുന്നറിയിപ്പില്ലാതെ തുറന്നതാണ് കരമനയാറ്റില്‍ ജലനിരപ്പ് ഉയരാന്‍ കാരണമായത്. കരമനയാറ്റിൽ ജലനിരപ്പ് വര്‍ധിച്ചതോടെ ഗൗരീശപട്ടത്തിന് സമീപവും തേക്കുംമൂട് ബണ്ടുകോളനിയും വെള്ളത്തിനടിയിലായി.

വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രം വെള്ളത്തിൽ മുങ്ങി. വലിയവിളയില്‍ വെള്ളക്കെട്ട് രൂക്ഷമായതോടെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. നെയ്യാര്‍ ഡാമിലെ മല്‍സ്യ വളര്‍ത്തല്‍ കേന്ദ്രവും വെള്ളത്തിലായി. വെള്ളം കയറിയ ചാല മാര്‍ക്കറ്റിലും വേളിയിലും കലക്ടർ സന്ദർശനം നടത്തി. ചിറ്റാറും കിള്ളിയാറും കരകവിഞ്ഞതോടെ വീടുകളിലും കടകളിലും വെള്ളം കയറി.

നെടുമങ്ങാടും, ഉഴമലയ്ക്കലും, ആനാട് പഞ്ചായത്തിലും മഴ വന്‍ നാശം വിതച്ചു. കോട്ടൂർ, കുറ്റിച്ചൽ തുടങ്ങിയ മലയോര മേഖലകളില്‍ വീടുകളില്‍ വെള്ളം കയറിയതിനൊപ്പം വ്യാപക കൃഷി നാശവുമുണ്ടായി. ആര്യനാട് മേത്തോടത്ത് മണ്ണിടിച്ചിലുണ്ടായി. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.