ചുരത്തിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ കേസ്; മുന്നറിയിപ്പുമായി വനംവകുപ്പ്

താമരശ്ശേരി ചുരത്തിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് വനംവകുപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ പലരും വനത്തിനുള്ളില്‍ കഴിയുന്ന കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. ഉള്‍ക്കാട്ടിലേക്ക് കയറിയ കുരങ്ങുകളെ വീണ്ടും ചുരത്തിലേക്കെത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

ക്ഷേത്രങ്ങളെ ആശ്രയിച്ച് കഴിയുന്ന കുരുങ്ങുകളുടെ വിശപ്പ് നീക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇത് കൃത്യമായി മനസിലാക്കാതെ വനത്തിലുള്ള കുരുങ്ങുകള്‍ക്കും ചിലര്‍ തീറ്റ നല്‍കാന്‍ ശ്രമിക്കുന്നുവെന്നാണ് വനംവകുപ്പിന്റെ പരാതി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ പുതുപ്പാടി പ‍ഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ചുരത്തിലെ കുരങ്ങുകള്‍ക്ക് ആഹാരം നല്‍കിയിരുന്നു. പലരും കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ അനുമതി തേടുന്നുണ്ട്. ഇത് അനുവദിക്കാനാകില്ല.   

ചുരത്തില്‍ സഞ്ചാരികളൊഴിഞ്ഞതോടെ കുരങ്ങുകളില്‍ ഭൂരിഭാഗവും തീറ്റ തേടി കാട്ടിലേക്ക് മടങ്ങിയിരുന്നു. വീണ്ടും ആഹാരലഭ്യത തിരിച്ചറിഞ്ഞാല്‍ കുരുങ്ങുകള്‍ കൂട്ടത്തോടെ വനാതിര്‍ത്തിയിലേക്കെത്തും. ഇത് ജനങ്ങള്‍ക്ക് നേരെ ആക്രമണസാധ്യതയ്ക്ക് വരെ വഴിവയ്ക്കുമെന്നും പറയുന്നു.