കരിനിലങ്ങളിലെ മീന്‍പിടിത്തം; തർക്കം രൂക്ഷം; ഉത്തരവ് ലംഘിച്ചാൽ നടപടി

ആലപ്പുഴയിലെ കരിനിലങ്ങളില്‍ മീന്‍പിടിക്കുന്നതിനെ ചൊല്ലി നടത്തിപ്പുകാരും നാട്ടുകാരമായി തര്‍ക്കം രൂക്ഷം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അടുത്തമാസം മുപ്പതുവരെ മീന്‍വളര്‍ത്താന്‍ അനുമതിയുണ്ടെങ്കിലും പാടങ്ങളില്‍ കയറി നാട്ടുകാര്‍ വിളവെടുത്തു തുടങ്ങി. ഉത്തരവ് ലംഘിച്ച് മീന്‍പിടിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് പൊലീസ് അറിയിച്ചെങ്കിലും പിന്മാറാന്‍ തൊഴിലാളികള്‍ തയ്യാറല്ല

ഒരു നെല്ലും ഒരു മീനും പദ്ധതി പ്രകാരമാണ് ആലപ്പുഴയിലെ പൊക്കാളി പാടങ്ങളില്‍ മത്സ്യകൃഷി. നവംബര്‍ മുതല്‍ മാര്‍ച്ചുവരെയാണ് പാട്ടത്തിനെടുക്കുന്ന പാടങ്ങളില്‍ മീന്‍ വളര്‍ത്താന്‍ അനുമതി. മാര്‍ച്ച് 31 നകം വിളവെടുപ്പ് പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം നാട്ടുകാര്‍ക്ക് മീന്‍പിടിക്കാം. കയറിപ്പിടിത്തം എന്നാണ് ഈ പരമ്പരാഗത ഏര്‍പ്പാടിന്റെ നാടന്‍പേര്. കോവിഡ് നിയന്ത്രണങ്ങളില്‍പ്പെട്ട നടത്തിപ്പുകാര്‍ക്ക്  മത്സ്യവിളവെടുപ്പിനുള്ള സമയം ഒരു മാസത്തേക്ക് കൂടി നീട്ടിയെങ്കിലും നാട്ടുകാര്‍ അത് അംഗീകരിക്കുന്നില്ല. ഇതോടെ വിളവ് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍

ആലപ്പുഴ തുറവൂരില്‍ 13,000 ഹെക്ടർ പൊക്കാളി പാടത്താണ് മത്സ്യകൃഷി. ചെമ്മീൻ, പൂമീൻ, തിലോപ്പിയ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ലക്ഷങ്ങള്‍ മുതല്‍മുടക്കുള്ള കൃഷിയായതിനാല്‍ സംരംക്ഷണം വേണമെന്നാണ് നടത്തിപ്പുകാരുടെ ആവശ്യം. എന്നാല്‍ ഓരോ വര്‍ഷവും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് പാടങ്ങള്‍ ഒഴിയാതിരിക്കാനുള്ള തന്ത്രമാണ് നടത്തിപ്പുകാരുടേതെന്ന് നാട്ടുകാരും കുറ്റപ്പെടുത്തുന്നു