‘മണ്ണിടാത്ത സ്നേഹം’; കന്നഡ കുടുംബങ്ങൾക്ക് അന്നമൊരുക്കി മലയാളികൾ

കർണാടക അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വഴികൾ മണ്ണിട്ട് അടയ്ക്കുമ്പോൾ കർണാടകക്കാരായ കുട്ടവഞ്ചിക്കാർക്കു സഹായ ഹസ്തമേകി മലയാളികൾ. കുട്ടവഞ്ചിയിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന കന്നഡ കുടുംബങ്ങൾക്കാണു ചാരിറ്റി കൂട്ടായ്മ ഭക്ഷ്യധാന്യങ്ങൾ നൽകിയത്. മരച്ചുവട്ടിലും പാലങ്ങളുടെ താഴെയും ടെൻഡ് കെട്ടി കൊച്ചു കുട്ടികളുൾപ്പെടെ കുടുംബമായിട്ടാണ് ഇവർ താമസിക്കുന്നത്.

കൊച്ചിയിലെ ബോൾഗാട്ടി, പൊന്നാരിമംഗലം, മുളവുകാട് എന്നിവിടങ്ങളിലാണ് ഇവർ വർഷങ്ങളായി തമ്പടിച്ചിരിക്കുന്നത്. 29 കുടുംബങ്ങളിലായി നൂറിൽപരം ആളുകളാണ് ബോൾഗാട്ടി ഭാഗത്തുളളത്. പച്ചരി, പരിപ്പ്, ബ്രഡ്, പാൽ, ബിസ്ക്കറ്റ്, പച്ചക്കറി തുടങ്ങി ഓരോ കിറ്റിലും 18 ഉൽപന്നങ്ങൾ വീതം ഉണ്ടായിരുന്നു.

ഫെയ്സ്, സെന്റ്ർ ഫോർ എംപവ്വർമെന്റ് ആൻഡ് എൻറിച്ച്മെന്റ്, ഡിആർകെ എന്നീ സംഘടകളുടെ കൂട്ടായ്മയാണ് കിറ്റുകൾ വിതരണം ചെയ്തത്. ഫെയ്സ് പ്രസിഡന്റ് ടി.ആർ.ദേവൻ, ട്രസ്റ്റി രത്നമ്മ ഗുരുദേവഭവൻ, സിഫി ഡയറക്ടർ ഡോ.മേരി അനിത, ജസ്റ്റിൻ സേവ്യർ, ഡിആർകെ കോഡിനേറ്റർ രാകേഷ് സൂര്യ , കെ.എ.സാംസൺ, ദിലീപ് ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.