താമസിക്കാൻ ആളില്ല; നക്ഷത്ര ഹോട്ടലുകൾ അടച്ചുപൂട്ടി

  തൃശൂരില്‍ ഏറ്റവും പഴക്കംചെന്ന ഹോട്ടലുകളില്‍ ഒന്നാണ് കാസിനോ. അന്‍പത്തിയഞ്ചു മുറികളുള്ള ഹോട്ടല്‍. കഴിഞ്ഞ ഒരാഴ്ചയായി ഒരാളു പോലും താമസിക്കാനില്ല. 130 ജീവനക്കാരുണ്ടായിരുന്നു ഈ ഹോട്ടലില്‍. മുപ്പതു പേരൊഴികെ മറ്റുള്ളവര്‍ക്കെല്ലാം നിര്‍ബന്ധിത അവധി നല്‍കി. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇനി ബാക്കിയുള്ളത്. ഇവര്‍ക്കു ശമ്പളം നല്‍കി താമസിപ്പിക്കുന്നു. ഇതേഹോട്ടലിലെ ബാറിലും കഴിഞ്ഞ ദിവസങ്ങളില്‍ തിരക്കില്ലായിരുന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ തിരക്കുള്ള റസ്റ്ററന്റിലും സ്ഥിതി പരിതാപകരം. പേരിനു പോലും ആളു വരുന്നില്ല. ഉണ്ടാക്കിയ ഭക്ഷണമെല്ലാം ഒഴിവാക്കേണ്ടി വന്നു. സംഭരിച്ച പച്ചക്കറികളും ഒഴിവാക്കി. കോവിഡ് ഭീതി മാറിയ ശേഷം ഇനി ഹോട്ടല്‍ തുറക്കാനാണ് തീരുമാനം.

നഗരപ്രദേശത്തെ മുന്തിയ ഹോട്ടലുകളായ പന്ത്രണ്ടെണ്ണത്തിലും സ്ഥിതി ഇതുതന്നെ. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആരും നഗരത്തില്‍ വരാതെയായി. ഉല്‍സവങ്ങള്‍ പ്രമാണിച്ച് ബുക് ചെയ്ത റൂമുകളും റദ്ദാക്കി. നഷ്ടത്തില്‍ നിന്ന് കരകയറാന്‍ നാളേറെയെടുക്കും.