ഇടുക്കി കാട്ടുതീ സംഭവം; വനപാതകൾ അടച്ചിടും; നടപടി

ഇടുക്കി ജില്ലയില്‍ നിന്ന് വനപാതയിലൂടെ തമിഴ്നാട്ടിലേയ്ക്ക് പോയ തൊഴിലാളികള്‍ കാട്ടുതീയില്‍പെട്ടതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. വനപാതകള്‍ അടച്ചിടാനും  തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും തീരുമാനം.   കാട്ടുതീയില്‍പെട്ട രണ്ട് തേനി സ്വദേശികള്‍  മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു,

ഏല തോട്ടങ്ങളിലെ ജോലി ഇല്ലാതായതോടെ ഇടുക്കി  പൂപ്പാറയില്‍ നിന്ന് വനത്തിലൂടെ  തമിഴ്നാട്ടിലേയ്ക്ക് കാല്‍നടയായി യാത്രചെയ്ത 10 അംഗ  തൊഴിലാളി സംഘമാണ് കാട്ടുതീയില്‍ പെട്ടത്. ജില്ലയിലെ 4 ചെക്പോസ്റ്റുകളും  അടച്ചതോടെയാണ്   വനപാതകളിലൂടെ    തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമം. ഇതിനിടെ  തേനിക്ക് സമീപമുണ്ടായ കാട്ടുതീയില്‍ തൊഴിലാളികള്‍ അകപ്പെടുകയായിരുന്നു.

ചതുരംഗപ്പാറ, തേവാരം, കമ്പംമെട്ട് മേഖലകളിലെ വന പാതകളിലൂടെയാണ് ജനങ്ങൾ വ്യാപകമായി അതിർത്തി കടന്നത്. ഇവിടെ നിന്നു 2 മുതൽ 3 കിലോമീറ്റർ വരെ മാത്രമാണ് തമിഴ്നാട്ടിലേക്കുള്ള ദൂരം.

 തോട്ടം മേഖലയിൽ ജോലി ചെയ്തിരുന്ന കമ്പം, പാളയം, തേനി സ്വദേശികൾ ജില്ലയിൽ കുടുങ്ങിയിരുന്നു. ഇവരാണ്  ചതുരംഗപ്പാറയിൽ നിന്നു കാൽനടയായി തമിഴ്നാട്ടിലേക്കു പോയത്. 250 പേർ ഇങ്ങനെ തമിഴ്നാട്ടിലേക്കു പോയതായും 60 പേർ തമിഴ് നാട്ടിൽ നിന്നു കേരളത്തിലേക്കു വന്നതായുമാണ് റിപ്പോർട്ട്. ഇതോടെ വന പാതകൾ അടച്ചു പൂട്ടാനും  പൊലീസ് പിക്കറ്റ്  ഏർപ്പെടുത്താനും തീരുമാനമായി. 

തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കെത്തുന്ന മലയാളികളെ കടത്തി വിടുന്നുണ്ട്. എന്നാൽ കേരളത്തിൽ നിന്നു തമിഴ്നാട്ടിലേക്കു മലയാളികളെ കടത്തി വിടില്ല.  തോട്ടം മേഖല പൂർണമായും  നിശ്ചലമായി. ദേവികുംളം താലൂക്കിലെ മൂന്നാര്‍ ഉള്‍പ്പടെയുള്ള നാല് വില്ലേജുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളിൽ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 24 മണിക്കൂർ പരിശോധന ഇപ്പോഴും തുടരുകയാണ്.