കേരളത്തിൽ വധശിക്ഷ കാത്തുകിടക്കുന്നത് 17 പേർ; ഏറെയും തിരുവനന്തപുരത്ത്

സംസ്ഥാനത്തെ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലായി വധശിക്ഷ കാത്തുകിടക്കുന്നത്് പതിനേഴുപേര്‍. ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമും, ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യുവും അടക്കമുള്ളവരാണ് തുടര്‍നിയമനടപടികളുമായി ജയിലുകളിലുള്ളത്.

സംസ്ഥാനത്ത് വധശിക്ഷ കാത്തുകിടക്കുന്ന ഏറ്റവുമധികം തടവുകാരുള്ളത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. ഒന്‍പതുപേര്‍. 2016ല്‍ കാമുകിയുടെ നാലുവയസുള്ള കുട്ടിയെയും, അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിനോ മാത്യു അടക്കമുള്ളവര്‍ ശിക്ഷയും കാത്ത് കിടപ്പുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ചുപേരാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ളത്. പെരുമ്പാവൂരിലെ ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമും ഇക്കൂട്ടത്തിലുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൂന്നുപേരുണ്ട്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമുള്ള അപ്പീല്‍ നടപടികള്‍ ഓരോ കേസിലും പുരോഗമിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവരുടെ ശിക്ഷ നടപ്പാക്കാന്‍ ഇനിയും കാലതാമസമുണ്ടാകും. സെഷന്‍സ് കോടതി പത്തുവര്‍ഷംമുന്‍പ് വധശിക്ഷ വിധിച്ച കേസിലെ പ്രതികള്‍വരെ ജയിലുകളിലുണ്ട്.

വധശിക്ഷ കാത്ത് കഴിയുന്നവരില്‍ സ്ത്രീകളില്ല. വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ക്കിടയില്‍ നീതി അനന്തമായി നീണ്ടുപോകുന്നുവെന്നാണ് ആക്ഷേപം.