കണ്ണൂർ കോർപറേഷന്‍ പരിധിയിൽ ഹർത്താൽ പൂർണം; നടപടിയുണ്ടായേക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഉച്ചവരെ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മേയര്‍ സുമ ബാലകൃഷ്ണനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. മേയറെ കൈയ്യേറ്റം ചെയ്ത ഇടത് അംഗങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഭരണപക്ഷം. 

കോര്‍പറേഷന്‍ പരിധിയില്‍ ചുരുക്കം കടകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. വാഹനഗതാഗതത്തെ ഒഴിവാക്കിയിരുന്നതുകൊണ്ടു തന്നെ ജനജീവിതത്തെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. മേയറെ കൈയ്യേറ്റം ചെയ്ത ഇടത് കൗണ്‍സിലര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി മെയര്‍ വ്യക്തമാക്കി.

അതേസമയം മേയര്‍ സുമ ബാലകൃഷ്ണനും, നാല് ഇടത് അംഗങ്ങളും ആശുപത്രിയില്‍ തുടരുകയാണ്. ചേംബറില്‍ വച്ച് ഇടത് അംഗങ്ങള്‍ മേയറെ കൈയ്യേറ്റതെന്നാണ് യുഡിഎഫ് ആരോപണം. കോർപറേഷൻ ജീവനക്കാരുടെ സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മേയറുടെ ചേംബറില്‍ എത്തിയപ്പോള്‍ ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തില്‍ യുഡിഎഫ് അംഗങ്ങള്‍ മര്‍ദ്ദിച്ചെന്ന് എല്‍ഡിഎഫും ആരോപിക്കുന്നു. മേയറുടെ പരാതിയില്‍ മൂന്ന് ഇടത് അംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തിനും, സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്.എല്‍ഡിഎഫ് കൗണ്‍സിലര്‍ 

കെ.പ്രമോദിന്റെ പരാതിയില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷിനും, രണ്ടു യുഡിഎഫ് അംഗങ്ങള്‍ക്കെതിരെയും കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.