ആനകൊമ്പുമായി ഇടുക്കി മുന്‍പഞ്ചായത്ത് പ്രസിഡന്‍റും കൂട്ടാളികളും പിടിയിൽ

വയനാട് മേപ്പാടിയില്‍ കാട്ടിനകത്ത് ചരിഞ്ഞ ആനയുടെ കൊമ്പുമായി ഇടുക്കിയിലെ മുന്‍പഞ്ചായത്ത് പ്രസിഡന്‍റ് പിടിയിൽ. ബൈസൺവാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കോൺഗ്രസ് നേതാവ് പീർബാഷയും മൂന്ന് കൂട്ടാളികളുമാണ് വനംവകുപ്പുദ്യോഗസ്ഥരുടെ പിടിയിലായത്. 

സൗത്ത് വയനാട് ഡിഎഫ്ഒയുടെ നേതൃത്ത്വത്തിലുള്ള വനംവകുപ്പുദ്യോഗസ്ഥരുടെ സംഘമാണ്  മുണ്ടക്കൈയില്‍നിന്നും പീര് ബാഷയെ പിടികൂടുന്നത്. രണ്ടാഴ്ച മുമ്പ്  കാട്ടിനകത്ത് ചരിഞ്ഞ ആനയുടെ രണ്ടുകൊന്പുകളും ഇയാളില്‍നിന്നും പിടിച്ചെടുത്തു. കൊമ്പുകൾ ഊരിയെടുത്ത ഇയാളും കൂട്ടാളികളും മറ്റൊരിടത്തു ഒളിപ്പിച്ചു വെക്കുകയായിരുന്നു. പ്രദേശത്തെ എസ്റ്റേറ്റിന്‍റെയും റിസോർട്ടിന്‍റെയും നടത്തിപ്പുകാരനായി  പ്രവർത്തിക്കുകയായിരുന്ന പീർബാഷ കോൺഗ്രസ് നേതാവും 2014ല്‍ ഇടുക്കി ബൈസന്‍വാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു. നേരത്തെയും ഇയാൾ വനത്തിൽ അതിക്രമിച്ചു കയറിയിരുന്നു എന്ന് കണ്ടെത്തി. മേപ്പാടി മേഖലയില്‍ റിസോർട്ട് നടത്തിപ്പിന്‍റെ മറവിലായിരുന്നു ഇത്‌. 

മറ്റ് കാട്ടാനകളുടെ കുത്തേറ്റാണ് വനത്തിൽ കൊമ്പൻ ചരിഞ്ഞതെന്നു പോസ്റ്മോർട്ടത്തിൽ കണ്ടെത്തി. കൊമ്പുകൾ ഊരിമാറ്റുന്നതിലും ഒളിപ്പിക്കുന്നതിലും മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന അന്വേഷണം തുടരുകയാണ്.