റോഡ് നിര്‍മാണത്തില്‍ അഴിമതി ആരോപണം; പരാതിയുമായി നാട്ടുകാർ

കൊല്ലം പിടവൂര്‍– പട്ടാഴി റോഡ് നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം. കരാറില്‍ പറഞ്ഞിരിക്കുന്നതു പോലെയല്ല റോഡ് നവീകരിക്കുന്നതെന്നാണ് ആക്ഷേപം. വന്‍കിടക്കാരുടെ ഭൂമി സംരക്ഷിക്കാന്‍ റോഡിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നും പരാതിയുണ്ട്.

പട്ടാഴി തച്ചക്കുളം ജംക്്ഷനിൽനിന്നും പിടവൂരിലുള്ള പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെ ആറേമുക്കാല്‍ കിലോമീറ്റര്‍ റോഡാണ് നവീകരിക്കുന്നത്. ആറുകോടി രൂപയാണ് ചെലവ്. പഴയ റോഡ് പൊളിച്ച് ബലപ്പെടുത്തിയ ശേഷം ടാറിങ് നടത്തുമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ മിക്കയിടത്തും പഴയതിന്റെ മുകളിലൂടെയാണ് ടാറ് ചെയ്തത്. സാധരണക്കരുടെ വീട് ഇടിച്ചു വരെ വീതി കൂടിയപ്പോള്‍ വന്‍കിടക്കാരുടെ മതില് സംരക്ഷിക്കാന്‍ റോഡിന്റെ അലൈന്‍മെന്റ് മാറ്റിയെന്നും ആക്ഷേപമുണ്ട്.

റോഡ് നിര്‍മാണത്തിെല അപാകതകള്‍ക്കെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുന്നതിനൊപ്പം ജനകീയ സമിതിയുണ്ടാക്കി സമരം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനം.