പൊട്ടിപ്പൊളിഞ്ഞ് പെരുമ്പാവൂര്‍– കോതമംഗലം റോഡ്; ദയനീയ കാഴ്ച

ആലുവ - മൂന്നാർ റൂട്ടിൽ പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്കുള്ള പാത തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പലതവണ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ദിവസങ്ങൾക്കുള്ളിൽ  റോഡ് പഴയപടിയാകും. പെരുമ്പാവൂരിലെ റോഡുകളെച്ചൊല്ലി കഴിഞ്ഞ ദിവസം നിയമസഭയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ്‌ റിയാസും ഏറ്റുമുട്ടിയിരുന്നു.

മന്ത്രി മുഹമ്മദ് റിയാസിന്റെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകൾ കേട്ടാണ് ഞങ്ങൾ പെരുമ്പാവൂരിൽ എത്തിയത്. എന്നാൽ കോതമംഗലത്തേക്കുള്ള റോഡിൽ കുറച്ചു ദൂരം പോയതോടെ സീൻ മാറി.

ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണ് ആലുവ - മൂന്നാർ റൂട്ടിലെ ഈ ഭാഗം. നേരത്തെ അരമണിക്കൂർ മതിയായിരുന്നെങ്കിൽ, പ്പോൾ ഒരു മണിക്കൂറിലധികം സമയം വേണം പെരുമ്പാവൂരിൽ നിന്നും കോതമംഗലത്ത് എത്താൻ.  അറ്റകുറ്റപ്പണിയെന്ന പ്രഹസനം അവർത്തിക്കുന്നുണ്ടെങ്കിലും ചെറിയ മഴ പെയ്താൽ കുഴികൾ വീണ്ടും തെളിഞ്ഞു വരും. കുഴികളിൽ വീണുണ്ടാകുന്ന അപകടങ്ങൾക്കും കുറവില്ല.