ബൈപാസിന് സ്ഥലം ഏറ്റെടുക്കല്‍ വൈകുന്നു; ഗതാഗതക്കുരുക്കില്‍ ചെങ്ങന്നൂർ

പത്ത് വര്‍ഷം മുന്‍പ് എം.സി. റോഡ് നവീകരണം കഴിഞ്ഞകാലം മുതല്‍ ചെങ്ങന്നൂര്‍ നഗരം ഗതാഗതക്കുരുക്കിലാണ്. ബൈപ്പാസെന്ന ആവശ്യം അന്നേ ഉയര്‍ന്നതാണ്. സ്ഥലമേറ്റെടുപ്പ് ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയില്‍ ന‌ടന്നതോടെ ഏറ്റെടുക്കുന്ന മേഖലകളിലുള്ളവരുടെ പ്രതിഷേധവും തുടങ്ങി. നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന്‍റെ ഭാഗമാണ് ഗതാഗതക്കുരുക്കിന്‍റെ പ്രഭവ കേന്ദ്രം. കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്‍ഡിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നിടത്താണ് കുരുക്ക് തുടങ്ങുന്നത്. മറ്റ് വഴികളില്‍ നിന്നുള്ള വാഹനങ്ങള്‍ കൂടി നഗരത്തിലേക്ക് കടക്കുന്നതോടെ കുരുക്ക് മുറുകും.

പി.സി. വിഷ്ണുനാഥ് എം.എല്‍.എ ആയിരുന്ന കാലത്താണ് ബൈപാസിന് തുടക്കമിട്ടത്. പിന്നീട് സജി ചെറിയാന്‍ എംഎല്‍എ ആയതോടെ റിങ് റോഡായി രൂപാന്തരപ്പെട്ടു. തിരുവല്ല പന്തളം റൂട്ടിലെ യാത്രയില്‍ കല്ലിശേരിയില്‍ തുടങ്ങുന്ന ബൈപാസ് റോഡ് ഐ.ടി.ഐ. ജംക്ഷനില്‍ എത്തിച്ചേരും. പന്തളം തിരുവല്ല റൂട്ടില്‍ ഹാച്ചറി ജംക്ഷനില്‍ നിന്ന് തുടങ്ങുന്ന റോഡ് മുണ്ടന്‍കാവ് ജംക്ഷനില്‍ എത്തിച്ചേരും. നവംബര്‍ 13ന് സ്ഥലമേറ്റെടുക്കലിന് കല്ലിട്ടു. ഇതോടെ ബൈപാസ് കടന്നു പോകുന്ന മേഖലകളില്‍ എതിര്‍പ്പുകളുണ്ട്.

10.5 കിലോമീറ്റര്‍ റോഡ് കിഫ്ബിയില്‍ നിന്ന് 200 കോടി ചെലവിട്ട് നിര്‍മിക്കാനാണ് പദ്ധതി. ഭൂമി ഏറ്റെടുക്കലിന് 65 കോടിയുടെ ഭരണാനുമതി ലഭിച്ചു. കല്ലിശേരി മുതല്‍ അങ്ങാടിക്കല്‍ വരെയുള്ള റോഡ് പൂര്‍ത്തിയായിരുന്നു. പണിതീരുമ്പോള്‍ സംസ്ഥാനത്തെ ഏറ്റവും വലിയ റിങ് റോഡാവുമെന്നാണ് മന്ത്രി സജി ചെറിയാന്‍ പറയുന്നത്.