അപ്പർകുട്ടനാട്ടിൽ കൃഷിക്കാലം; കളനാശിനി പ്രയോഗക്കാര്യത്തിൽ പരാതി

അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ ഇത് കൃഷിക്കാലമാണ്. ഏക്കറുകണക്കിന് പുഞ്ചപ്പാടങ്ങളിൽ കർഷകർ വിത്തിറക്കിതുടങ്ങി. അതേസമയം, കളനാശിനിപ്രയോഗം അനിയന്ത്രിതമായ അളവിലാണെന്ന പരാതികൾ ഇപ്പോഴും നിലനിൽക്കുകയാണ്.

നിരണം, കടപ്ര തുടങ്ങിയ പഞ്ചായത്തുകളിലെ പാടങ്ങളാണ് കൃഷിയോഗ്യമാകുന്നത്. പ്രളയാനന്തരം അനവധി ബുദ്ധിമുട്ടുകൾ സഹിച്ച കർഷകരാണ് ഇക്കുറിയും നൂറുമേനി വിളവിനായി പ്രതീക്ഷയോടെ പാടത്തേക്ക് ഇറങ്ങുന്നത്. പ്രളയത്തിൽ ഒഴുകിയെത്തിയ അജൈവമാലിന്യങ്ങളും മണ്ണും ചെളിയും എല്ലാംനീക്കം ചെയ്യാൻ  ഒരുപാട് സമയം എടുത്തു. എന്നാൽ, പ്രളയശേഷം പ്രതീക്ഷിച്ചപോലെ വിളവ്നേടാൻ ആയില്ല. അതേസമയം,  പാടങ്ങളിലെ കളനാശിനിപ്രയോഗം ഉയർന്നതോതിലാണെന്ന  പരാതി നിലനിൽക്കുകയാണ്. അനുവദനീയമായ അളവിനേക്കാൾ പത്തിരട്ടിവരെ ഉപയോഗിക്കുന്നതായി നാട്ടിലെ കർഷകർതന്നെ സാക്ഷ്യപ്പെടുത്തുന്നു. 

സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽപേർക്ക് അർബുദം കണ്ടെത്തിയ പഞ്ചായത്തുകളാണ് നിരണം, കടപ്ര എന്നിവ. ഇത് കളനാശിനികളുടെ അമിത ഉപയോഗമാണെന്ന സംശയം നിലനിൽക്കുകയാണ്. ഇതുസംബന്ധിച്ച പഠനവും തുടരുകയാണ്.