ഡിവൈഎസ്പിയുടെ വാഹനത്തെ മറികടന്നതിന് കേസ്; സ്വകാര്യ ബസുകളുടെ മിന്നൽ സമരം

കണ്ണൂർ - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.  താമരശ്ശേരി ഡിവൈഎസ്പി അബ്ദുൽ റസാഖിന്റെ വാഹനത്തെ മറികടന്നതിന്,  സ്വകാര്യബസ് ജീവനക്കാർക്കെതിരെ കേസ് എടുത്തിൽ പ്രതിഷേധിച്ചാണ് സമരം. റൂട്ടിൽ കെ.എസ്. ആർ.ടി. സി. കൂടുതൽ സർവീസുകൾ നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി.

കണ്ണൂർ - കോഴിക്കോട് റൂട്ടിലോടുന്ന നാൽപ്പത്  ബസുകളാണ് പണിമുടക്കിയത്. ഇന്നലെയാണ് സമരത്തിന്‌ കാരണമായ സംഭവം ഉണ്ടായത്. താമരശേരി ഡിവൈഎസ്പി അബ്ദുൽ റാസഖിന്റെ വാഹനത്തെ മറി കടക്കുകയും അസഭ്യം പറയുകയും ചെയ്ത സ്വകാര്യ  ബസിലെ സജീർ, അബൂബക്കർ എന്നീ ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ് പിടിച്ചെടുക്കുകയും ചെയ്തു. 

ഇതിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലിസ് അനാവശ്യമായി വേട്ടയാടുന്നുവെന്നാണ് ആരോപണം. പ്രശ്‌നത്തിൽ സമയോചിതമായി കെ.എസ്.ആർ.ടി.സി ഇടപെട്ടത് യാത്രക്കാർക്ക് ആശ്വാസമായി. പതിനഞ്ചോളം സർവീസുകളാണ് റൂട്ടിൽ കെഎസ്ആര്ടിസി അധികമായി നടത്തിയത്.