കൃഷിനാശം സംഭവിച്ചവർക്കുളള ഇൻഷുറൻസ് തുക ഉടൻ; ഉറപ്പുമായി മന്ത്രി

കുട്ടനാട്ടില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വൈകാതെ ലഭ്യമാക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. മൂവായിരം ഹെക്ടറോളം നെല്‍കൃഷിയാണ് കനത്തമഴയില്‍ പൂര്‍ണമായും നശിച്ചത്. നാശം വിലയിരുത്താനുള്ള നിയമസഭ ഉപസമിതിയും കുട്ടനാട് സന്ദർശിച്ചു ഹെക്ടരിന് 35,000 രൂപയാണ് ഇൻഷുറൻസ് തുക. പ്രളയകാലത്തെ വിളനാശത്തിന് നൽകാനുള്ള കുടിശ്ശിക ഉൾപ്പെടെ ഉടൻ നൽകുമെന്നാണ് കൃഷി വകുപ്പ് പറയുന്നു. ഒക്ടോബറില്‍ മാത്രം 2879 ഹെക്ടര്‍ നെല്‍കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലായി. 4136 ഹെക്ടര്‍ ഭാഗികമായും നശിച്ചു. 625 ഹെക്ടര്‍ മാത്രമാണ് ഇതുവരെ കൊയ്യാനായത്

മന്ത്രിക്കൊപ്പം എം.എല്‍എമാരായ പിജെ ജോസഫും റോഷി അഗസ്റ്റിനും കുട്ടനാട്ടിലെ കൃഷിനാശം വിലയിരുത്താനെത്തി. ലക്ഷങ്ങള്‍ മുടക്കിയിട്ടും മടവീഴ്ച തുടരുന്ന സാഹചര്യം പ്രത്യേകം പരിശോധിക്കുമെന്നും കൃഷി മന്ത്രി പറഞ്ഞു

അതേസമയം, സാമ്പത്തിക പ്രതിസന്ധി കാരണം ട്രഷറി നിയന്ത്രണമുള്ളതിനാല്‍ സഹായധനം ഉടൻ കിട്ടുമെന്ന പ്രതീക്ഷ കർഷകര്‍ക്കില്ല. 107 കോടിയുടെ വിളനാശം കര്‍ഷകര്‍ക്കുണ്ടായി എന്നാണ് കൃഷിവകുപ്പിന്‍റെ കണക്ക്