ചുഴലികാറ്റ് ഭീതിയകലാതെ കൊച്ചി; മുന്നൂറിലേറെ കുടുംബങ്ങളെ ക്യംപുകളിലേക്ക് മാറ്റി

മഴയുടെ ശക്തി കുറഞ്ഞെങ്കിലും "മഹാ"ചുഴലികാറ്റിന്റെ ഭീതിയകലാതെ കൊച്ചി, തൃശൂര്‍ തീരമേഖലകള്‍. ശക്തമായ കാറ്റിനൊപ്പം രൂക്ഷമായ കടലാക്രമണവും ജനങ്ങളെ ആശങ്കയിലാഴ്ത്തി. മുന്നൂറിലേറെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യംപുകളിലേക്ക് മാറ്റി.

കൊച്ചിയുടെയും  തൃശൂരിന്റെയും തീരമേഖല  ഇന്ന് ഉറക്കം ഉണർന്നത് പേമാരിയുടെയും രൂക്ഷമായ കടലാക്രമണത്തിന്റെയും നടുവിലേക്കാണ്. പെയ്തിറങ്ങിയ മഴവെള്ളവും കരയിലേക്ക് അടിച്ചുകയറിയ  കടൽവെള്ളവും നിരവധി വീടുകളെ മുക്കി.  പതിവുപോലെ ചെല്ലാനം തീരമേഖലയാണ് ആദ്യം മുങ്ങിയത്. 

എടവനക്കാടും,ഞാറക്കലും, ഫോർട്ട്‌കൊച്ചിയുമെല്ലാം കടലിന്റെ കലിയറഞ്ഞു. പതിനഞ്ചോളം മത്സ്യബന്ധന വള്ളങ്ങൾ തകർന്നു.

വീടിനുള്ളിൽ വെള്ളം കയറിയിട്ടും ക്യാംപുകളിലെക്ക് മാറാൻ ആദ്യം പലരും തയ്യാറായിരുന്നില്ല 

തൃശൂരിൽ  കൊടുങ്ങല്ലൂർ,എറിയാട്,ചാവക്കാട് മേഖലകളിലാണ് രൂക്ഷമായ തിരയേറ്റം. സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് ചാവക്കാട് നാട്ടുകാർ റോഡ് ഉപരോധിച്ചു.

കൊച്ചി നായരമ്പലത്ത്‌ തുറന്ന ക്യാമ്പിൽ 300 ലേറെ കുടുംബങ്ങൾ ഉണ്ട്. എടവനക്കാട് യു.പി സ്കൂളിലും ക്യാംപ് പ്രവർത്തിക്കുന്നുണ്ട്.