അതിജീവനം കവളപ്പാറയിൽ; 60 കുടുംബങ്ങൾക്ക് വീടു നിര്‍മിച്ചു നൽകും

കവളപ്പാറയില്‍ വീടു നഷ്ടമായ 60 കുടുംബങ്ങള്‍ക്ക് സ്വകാര്യഗ്രൂപ്പുകളുടെ സഹായത്തോടെ ഭൂമി കണ്ടെത്തി വീടു നിര്‍മിച്ചു നല്‍കാന്‍ ധാരണ. റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയുടെ ഭാഗമായാണ് നാലു കോടി രൂപ ചിലവഴിച്ച് ഭവനനിര്‍മാണ പദ്ധതിക്ക് രൂപം നല്‍കിയത്.

കവളപ്പാറയില്‍ ഭൂമിയും വീടും പൂര്‍ണമായും നഷ്ടമായ 60 കുടുംബങ്ങള്‍ക്ക് സ്വകാര്യവ്യക്തികള്‍ സൗജന്യമായി കൈമാറിയ ഭൂമിയില്‍ വീടു നിര്‍മിച്ചു നല്‍കാനാണ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പാക്കി കോളനി സജ്ജമാക്കാന്‍ നാലു കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 500 ചതുരശ്ര അടി വിസ്തീര്‍ണമുളള വീടുകളാണ് നിര്‍മിക്കുക.  

പദ്ധതിയിലേക്ക് രണ്ടര കോടി രൂപ പീപ്പിള്‍ ഫൗണ്ടേഷനും ഒന്നര കോടി വ്യവസായ ഗ്രൂപ്പായ ഇംപെക്സും നല്‍കും. പത്തു മാസത്തിനുളളില്‍ നടപടി ക്രമങ്ങളും നിര്‍മാണവും പൂര്‍ത്തിയാക്കി വീടുകള്‍ കൈമാറാനാണ് ശ്രമം.