മഹാദുരന്തത്തിന് ഒരാണ്ട്; ഇഴഞ്ഞു നീങ്ങുന്ന നടപടികൾ; അതിജീവന പോരാട്ടം

കിഴക്കൻ മലയോര ജനത കണ്ട മഹാപ്രളയത്തിനും ഉരുൾപൊട്ടലിനും ഒരാണ്ട് തികയുമ്പോൾ ദുരിതക്കയത്തിൽ നിന്നും നാട്ടുകാർ പൂർണ്ണമായും മോചിതമായിട്ടില്ല. പ്രളയം സർവ്വതും നഷ്ടമാക്കിയ കൂട്ടിക്കലിലെയും, മുണ്ടക്കയത്തെയും, കൊക്കയാറ്റിലെയും ജനത  അതിജീവനത്തിനായുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്.മഹാദുരന്തത്തിന് ഒരാണ്ടാകുമ്പോൾ  സർക്കാർ പ്രഖ്യാപിച്ച  ധനസഹായം ഇതുവരെയും പൂർണമായി ലഭിച്ചിട്ടില്ല. 

2021 ഒക്ടോബർ 16, നാശം വിതച്ച പ്രളയം നാടിനെയൊന്നാകെ തകർത്തെറിഞ്ഞത് തീരാത്ത ദുരിതക്കയത്തിലേയ്ക്കായിരുന്നു. നിനച്ചിരിക്കാതെയെത്തിയ പ്രളയത്തിൽ  സമ്പാദ്യങ്ങൾ മാത്രമായിരുന്നില്ല ഒലിച്ചുപോയത് . ഉരുൾപൊട്ടലിലടക്കം നഷ്ടമായത്  22 മനുഷ്യ ജീവനുകൾ.

കൂട്ടിക്കൽ  പഞ്ചായത്തിലെ പ്ലാപ്പള്ളിയിൽ 4 പേരും കാവാലിയിൽ 6 പേരും കൊക്കയാറ്റിൽ 7പേരും ഉരുൾപൊട്ടലിൽ മരണമടഞ്ഞപ്പോൾ ഒഴുക്കിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടത് 5 പേർക്ക്. കൂട്ടിക്കൽ പഞ്ചായത്തിൽ  മാത്രം 350ലധികം പേർക്ക് വീട് നഷ്ടമായി.കൊക്കയാറ്റിൽ 241വീടുകളും മുണ്ടക്കയത്ത്‌  172 വീടുകളും പ്രളയജലം തകർത്തെറിഞ്ഞു. ദുരന്തത്തിൻ്റെ അവശേഷിപ്പുകളായി കൂറ്റൻ പാറക്കഷണങ്ങൾ  ഇന്നും  മലമുകളിലുണ്ട് .

ഓരോ മഴത്തുള്ളിയും ഭൂമിയിൽ  പതിക്കുമ്പോൾ കൊക്കയാറുകാരുടെ ഉള്ളിൽ തീയാണ്.സർക്കാർ സഹായങ്ങൾക്കും, നടപടികൾക്കും വേഗത പോരെന്ന ആക്ഷേപമുയർത്തി കൊക്കയാർ, കൂട്ടിക്കൽ നിവാസികൾ പലതവണ സമരം നടത്തിക്കഴിഞ്ഞു. പക്ഷേ ഇഴഞ്ഞു നീങ്ങുന്ന നടപടികൾക്ക് മാത്രം വേഗം വച്ചില്ല.

 പ്രളയജലം  ഒഴുക്കിക്കൊണ്ട് പോയ 17 പാലങ്ങളിൽ ഭൂരിഭാഗവും അങ്ങനെ തന്നെ കിടക്കുന്നു.മ്ളാക്കര പാലം തകർന്നതോടെ ഇളംകാട് ടോപ്പിലേക്ക് ഉള്ള ബസ് സർവ്വീസുകൾ നിലച്ചു.കോട്ടയം ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം പുനർനിർമിക്കാൻ 5 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെങ്കിലും നടപടികൾ ഒന്നും തുടങ്ങിയിട്ടില്ല.  പ്രളയം തീർത്ത ദുരിതത്തിന് അറുതി തേടിയുള്ള കാത്തിരിപ്പ് എന്ന് അവസാനിക്കുമെന്ന് മാത്രമാണ് ദുരന്തമുഖത്തെ മനുഷ്യർ ചോദിക്കുന്നത് 

MORE IN KERALA