ധനുവിന്റെ 'കുവി' ഇനി അനാഥയല്ല; ഏറ്റെടുത്ത് പൊലീസുകാരൻ

പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായ രണ്ടുവയസുകാരിയെ തിരഞ്ഞ് കണ്ടെത്തിയ വളർത്തുനായ കുവിയെ ഏറ്റെടുക്കാൻ പൊലീസുകാരൻ. ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിലെ ട്രെയിനറും പൊലീസ് ഓഫീസറുമായ അജിത്ത് മാധവനാണ് അനുമതി തേടിയത്. 

അപകടമുണ്ടായതിനെ തുടർന്ന് കാണാതായ കുഞ്ഞ് ധനുവിനെ തേടി കുവി അലഞ്ഞത് എട്ടു ദിവസമാണ്. പുഴയിൽ മൃതദേഹം കിടക്കുന്നിടത്തേക്ക് നിന്ന് നായ കരഞ്ഞതോടെയാണ് രക്ഷാപ്രവർത്തര്‍ ആ  ഭാഗത്ത് തിരച്ചിൽ നടത്തിയത്. തുടർന്ന് ധനുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പിന്നീട് കൂവിയെ തേടിയെത്തിയ അജിത്തിനോട് അവൾ ആഹാരമൊന്നും കഴിക്കാതെ എവിടയോ കിടക്കുന്നുണ്ട് എന്ന് സ്ഥലവാസികൾ പറഞ്ഞതനുസരിച്ച് അന്വേഷിച്ചപ്പോൾ ഒരു ലയത്തിന് പുറകിൽ അവശയായി കുവിയെ കണ്ടെത്തുകയായിരുന്നു. ആദ്യം ഭക്ഷണം കൊടുത്തപ്പോൾ അവൾ കഴിക്കാൻ കൂട്ടാക്കിയില്ല. 

നായ്ക്കളെ  ഇഷ്ടപ്പെടുന്ന അജിത്തിന്റെ സ്നേഹവാൽസല്യങ്ങൾക്ക് മുന്നിൽ പിന്നീട് കുവി വഴങ്ങുകയായിരുന്നു. അതിനുശേഷം രണ്ടുമൂന്ന് ദിവസം കുവി അജിത്തിനെ വിട്ടുമാറിയില്ല. അവളെ അവിടെ ഉപേക്ഷിച്ചു പോരാൻ മനസ്സ് അനുവദിക്കാത്തതിനാലാണ് അജിത് അനുമതിക്കായി അധികൃതരെ സമീപിച്ചത്. അനുമതി ലഭിച്ചാൽ കുവിയെ വീട്ടിൽ കൊണ്ടുപോയി സംരക്ഷിക്കാനാണ് അജിത് ആലോചിക്കുന്നത്.