അലൂമിനിയം ഷീറ്റില്‍ കൊത്തിയെടുത്ത കരവിരുത്; വേറിട്ട ചിത്രപ്രദര്‍ശനവുമായി ബ്രിന്ദാ

അലൂമിനിയം ഷീറ്റില്‍ ചിത്രങ്ങള്‍ കൊത്തിയെടുത്ത്  പ്ലസ് വണ്‍  വിദ്യാര്‍ഥിനി. കോഴിക്കോട് നടക്കാവ് സ്വദേശി ബ്രിന്ദാ ബിനേഷിന്റേതാണ് വേറിട്ട ചിത്ര പ്രദര്‍ശനം 

കുഞ്ഞു ക്ലാസുമുതല്‍ ചിത്രം വരക്കുന്നുണ്ട്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ശാസ്ത്രമേളകളില്‍ പങ്കെടുക്കാനാണ് ലോഹഷീറ്റില്‍ ചിത്രങ്ങള്‍ കൊത്തിയെടുക്കാന്‍ തുടങ്ങിയത്.പിന്നീടതിനോട് ഇഷ്ടം തോന്നിത്തുടങ്ങി.ഏറെ ശ്രമകരമാണ് ഇങ്ങനെ ചിത്രങ്ങള്‍ കൊത്തിയെടുക്കുകയെന്നത്. ബുദ്ധന്റെ ജീവിതമാണ് പ്രദര്‍ശനത്തിനായി അലൂമിനിയം ഷീറ്റില്‍ കൊത്തിയെടുത്തത്.

മുന്നില്‍ കാണുന്നതെന്തും ഇത്തരത്തില്‍ കൊത്തിയെടുത്ത് മനോഹര ചിത്രങ്ങളാക്കാറുണ്ട്.ഇതുകൂടാതെ തുണിയില്‍ തീര്‍ത്ത പെയിന്റിങ്ങുകളും പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഗുദാം ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന പ്രദര്‍ശനം നാളെ (25) സമാപിക്കും