റോഡ് സുരക്ഷക്കായി സൈക്കിൾ യജ്ഞം; ഇരിട്ടി മുതൽ തലസ്ഥാനം വരെ നീണ്ട യാത്ര

റോഡ് സുരക്ഷ സന്ദേശമുയര്‍ത്തി ഇരിട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് സൈക്കിള്‍ ചവിട്ടി പത്തൊമ്പതുകാരന്‍. ആറളം സ്വദേശിയായ കീഴ്പ്പാട്ടില്ലത്ത് ഉണ്ണികൃഷ്ണനാണ് നാല് ദിവസം നീണ്ട സൈക്കിള്‍ യാത്ര നടത്തിയത്. 

റോഡ് സുരക്ഷ അനിവാര്യമാണെന്ന സന്ദേശമുയര്‍ത്തിയാണ് വിദ്യാര്‍ഥി കൂടിയായ ഉണ്ണികൃഷ്ണന്‍ സൈക്കിളില്‍ സഞ്ചരിച്ചത്. അപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിന് പുതിയ തലമുറ രംഗത്തിറങ്ങേണ്ടതിന്‍റെ ആവശ്യകതകൂടിയാണ് ഈ സൈക്കിള്‍ യാത്ര മുന്നോട്ട് വെക്കുന്നത്. സാധാരണ സൈക്കിളില്‍ കഴിഞ്ഞ ഉത്രാട നാളില്‍ ആറളം ഏച്ചിലത്തെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു യാത്ര . സുരക്ഷയ്ക്ക് മുന്‍ഗണന സന്ദേശമുള്ള ബോര്‍ഡ് സൈക്കിളിന് മുന്നില്‍ സ്ഥാപിച്ചു. നാല് ദിവസം കൊണ്ട് തിരുവനന്തപുരത്തെത്തി. തിരിച്ചുള്ള യാത്ര ട്രെയിനിനായിരുന്നു. നിയമങ്ങള്‍ പാലിച്ച് വാഹനമോടിച്ചാല്‍ അപകടങ്ങള്‍ ഉണ്ടാകില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു.

ശ്രീപതി –ഷീജ ദമ്പതികളുടെ മകനാണ്. ഏച്ചില്ലം ഗ്രാമോദയം വായനശാലയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ഉണ്ണികൃഷ്ണന് സ്വീകരണം നല്‍കി.

MORE IN KERALA