കുടിലില്‍ താമസം; അപേക്ഷിച്ചപ്പോൾ കിട്ടിയത് വെള്ള റേഷൻ കാർഡ്; ദുരിതം

തൃശൂര്‍–മലപ്പുറം സംസ്ഥാനപാതയോരത്ത് 45 വര്‍ഷമായി കുടില്‍ കെട്ടി താമസിക്കുന്ന കുടുംബത്തിന് തലതിരിഞ്ഞ സര്‍ക്കാര്‍ സഹായം. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുന്ന വസന്തയ്ക്ക് സർക്കാർ നല്‍കിയത് വെള്ള റേഷന്‍ കാര്‍ഡ്. മുന്‍ഗണന പട്ടികയില്‍ പെടാത്ത വിഭാഗക്കാര്‍ക്ക് നല്‍കുന്ന കാര്‍ഡായതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ ഇവര്‍ ദുരിതമനുഭവിക്കുകയാണ്. 

കരിങ്കല്ലില്‍ അമ്മിയും ഉരലും നിര്‍മ്മിക്കുന്ന പണിയെടുക്കാന്‍ കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത  ഇവര്‍ യന്ത്രയുഗത്തിന്റെ ഇരകളാണ്. കൂലിപ്പണിയെടുത്താണ് ജീവിതം തള്ളി നീക്കുന്നത്. മക്കളുടെ വിഷപ്പകറ്റാനാണ് റേഷന്‍ കാര്‍ഡിനപേക്ഷിച്ചത്. എന്നാല്‍ കിട്ടിയതാകട്ടെ സാമ്പത്തികമായി സമ്പന്നരായവര്‍ക്ക് നല്‍കുന്ന വെള്ള കളര്‍ കാര്‍ഡ്.

കൂലിപ്പണിയെടുത്ത് കിട്ടുന്ന വരുമാനമെല്ലാം നുള്ളിപ്പെറുക്കി മക്കളുടെ വിദ്യാഭ്യസത്തിനായി ചിലവാക്കുകയാണ് വസന്ത. തനിക്കുണ്ടായ ദുരിതം മക്കള്‍ അനുഭവിക്കരുതെന്ന വാശിയാണ് ജീവിതം തള്ളിനീക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. വഴിയരികിലെ മാലിന്യം നിറഞ്ഞ അഴുക്കുചാലിനു സമീപമാണ് കുടുംബം രോഗ ഭീതിയില്‍ കഴിയുന്നത്