സർക്കാർ അനുമതി വേണം; പുതിയ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യകിറ്റ് കിട്ടിയേക്കില്ല

സര്‍ക്കാരിന്റ സൗജന്യപലവ്യഞ്ജന കിറ്റ് വിതരണം ബുധനാഴ്ച അവസാനിക്കാനിരിക്കെ പുതിയതായി റേഷന്‍കാര്‍ഡ് ലഭിച്ച പതിനായിരത്തോളം പേര്‍ക്ക് കിറ്റ് ലഭിക്കാനുള്ള സാധ്യത മങ്ങി. സര്‍ക്കാര്‍ അനുമതിയില്ലാതെ നല്‍കാനാകില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റ നിലപാട്. അതേസമയം കിറ്റ് വേണ്ടെന്ന് വച്ചവരുടെ എണ്ണം 

കാര്‍ഡില്ലാത്ത മുപ്പതിനായിരത്തോളം പേരാണ് സത്യവാങ്മൂലം എഴുതി നല്‍കി സര്‍ക്കാരിന്റ സൗജന്യഅരി വാങ്ങിയത്. ഇവര്‍ക്ക്  തുടര്‍ന്നും സര്‍ക്കാര്‍ ആനുകൂല്യം ലഭ്യമാക്കാനാണ് അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ റേഷന്‍കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. രണ്ടാഴ്ചക്കിടെ പതിനായിരത്തോളം പേര്‍ ഒാണ്‍ലൈന്‍ അപേക്ഷയിലൂടെ റേഷന്‍കാര്‍ഡ് നേടി. ഇവരില്‍ ഭൂരിഭാഗവും മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടവരാണെങ്കിലും എല്ലാവര്‍ക്കും കിട്ടിയത് വെള്ളക്കാര്‍ഡാണ്. ചുരുക്കം പേര്‍ക്കേ ലഭിച്ച കാര്‍ഡ് മഞ്ഞയോ പിങ്ക് ആക്കി മാറ്റി കൊടുത്തിട്ടുള്ളു. ബാക്കിയുള്ളവര്‍ക്ക് കൃത്യമായ പരിശോധനയ്ക്ക് ശേഷമേ മാറ്റി നല്‍കാനാകുവെന്നാണ് വിശദീകരണം. ഈ മാസത്തെ റേഷന്‍വിഹിതം ഇവര്‍ക്ക് അടുത്തയാഴ്ച നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും സൗജന്യകിറ്റിനെക്കുറിച്ച് അനക്കമില്ല. സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു. മുപ്പത്തിയേഴായിരം പേര്‍ കിറ്റ് വേണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ മഞ്ഞകാര്‍ഡുകാര്‍ വാങ്ങാത്ത എണ്ണായിരവും പിങ്ക് കാര്‍ഡുകാര്‍ വാങ്ങാത്ത അന്‍പത്തിമൂവായിരവും നീല കാര്‍ഡുകാര്‍ വാങ്ങാത്ത ഒരുലക്ഷത്തോളം കിറ്റും ബാക്കിയുണ്ട്. ഇതെങ്കിലും ഉപയോഗിപ്പെടുത്തി പുതിയ കാര്‍ഡുകാര്‍ക്ക് കിറ്റ് നല്‍കാവുന്നതേയുള്ളു.

വെള്ള കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം ബുധനാഴ്ച അവസാനിക്കുന്നതോടെ കിറ്റ് വിതരണം സപ്ലൈകോ പൂര്‍ണമായും നിര്‍ത്തും. അതിന് മുമ്പ് തീരുമാനമെടുത്തില്ലെങ്കില്‍ അര്‍ഹരായ നിരവധിപേര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നഷ്ടമാകും.